വൈപ്പിന് ഉത്സവമായി ഫോക്ക്ലോർ ഫെസ്റ്റ്

Saturday 23 October 2021 1:17 AM IST

 ഒരു മാസത്തെ സാംസ്കാരിക പരിപാടികൾ

 ഫെസ്റ്റ് ഉദ്ഘാടനം ഡിസംബർ 28ന്

കൊച്ചി: വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഡിസംബർ 28 മുതൽ 31 വരെ വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റ് നടക്കും. കൊവിഡ് ദുരിതത്തിലാക്കിയ ടൂറിസത്തെയും ഫോക്ക്ലോർ കലകളെയും കലാകാരന്മാരെയും സഹായിക്കുക, വൈപ്പിൻ മേഖലയെ കേരളത്തിന്റെ ഫോക്ക്ലോർ കലകളെ പ്രദർശിപ്പിക്കുന്ന സാംസ്‌ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക ജനങ്ങൾക്ക് അവരുടെ കലാവതരണത്തിന് അവസരം ഒരുക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന ടൂറിസം, സാംസ്‌കാരിക, സഹകരണ വകുപ്പുകളുടെ സഹകരണം എന്നിവ ഉണ്ടാകും. ഫെസ്റ്റിന് മുന്നോടിയായി ഡിസംബർ ഒന്നു മുതൽ വിവിധ വേദികളിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കൺവീനർ അഡ്വ. വി.പി. സാബു, ട്രഷറർ കെ.എസ്. അജയകുമാർ, കോഓർഡിനേറ്റർ ബോണി തോമസ് എന്നിവർ പങ്കെടുത്തു.

 500 കലാകാരന്മാർ

ഫോക്ക് ലോർ ഫെസ്റ്റിൽ അഞ്ഞൂറോളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. 28ന് മുനമ്പം ബീച്ചിൽ കൊടിയേറ്റത്തോടെയും ഗസൽ സംഗീതത്തോടെയും തുടങ്ങുന്ന ഫെസ്റ്റ് 31ന് രാത്രി 12ന് നിശബ്ദ കരിമരുന്ന് പ്രയോഗത്തോടെ അവസാനിക്കും.

 ഫോക്ക്‌ലോർ ഘോഷയാത്ര

ദ്വീപിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ 25 കിലോമീറ്റർ ദൂരത്തിൽ കടന്നു പോകുന്ന ഘോഷയാത്രയിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മത്സരാടിസ്ഥാനത്തിൽ കേരളീയ നാടോടി കലാരൂപങ്ങൾ വാഹനങ്ങളിൽ അവതരിപ്പിക്കും. വിജയികൾക്ക് കാഷ് അവാർഡുമുണ്ട്.

 പുതുമയായി ഗ്രാഫിറ്റിയും

വൈപ്പിൻ ദ്വീപിന്റെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെ 101 ഗ്രാഫിറ്റി (മതിൽ ചിത്രങ്ങൾ) ചിത്രീകരിക്കും. 15 ദിവസമാണ് ഗ്രാഫിറ്റി നടക്കുക.

• ബീച്ചിൽ ഒരുദിവസം നീണ്ടു നിൽക്കുന്ന മണൽ ശിൽപ രചന

• കുട്ടികൾക്കുള്ള പട്ടം പറപ്പിക്കൽ വർക്ക്ഷോപ്പ്

• വിവിധ വേദികളിൽ ഭക്ഷണമേള എന്നിവ നടക്കും.


 വേദി​കൾ അനവധി​

പുതുവൈപ്പ്, വളപ്പ്, കുഴുപ്പിള്ളി, ചെറായി, മുനമ്പം ബീച്ചുകളും വൈപ്പിനിലെ പഞ്ചായത്തുകളിലെ വിവിധ ഹാളുകളും മൈതാനങ്ങളും കടമക്കുടി ദ്വീപുമാണ് വേദികൾ.

Advertisement
Advertisement