മകന്റെ കണ്ണില്ലാത്ത ക്രൂരത, സ്വന്തം വീടിനു മുന്നിൽ സത്യാഗ്രഹമിരുന്ന് ഒരമ്മ
കിഴക്കമ്പലം: ഒരു നേരത്തെ ആഹാരത്തിനും അന്തിയുറങ്ങാനുള്ള വീടിനുംവേണ്ടി ലക്ഷങ്ങൾ ആസ്തിയുള്ള സ്വന്തം വീടിനു മുന്നിൽ സത്യാഗ്രഹത്തിലാണ് ഒരമ്മ. കിഴക്കമ്പലം തടിയൻപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (78)യാണ് ജീവിക്കാൻ നിവൃത്തിയില്ലാതെ മകൻ കൈയടക്കിയ വീടിനു മുന്നിൽ കാവലിരിക്കുന്നത്. മരണംവരെ ഭാര്യയ്ക്ക് താമസിക്കാനായി ഭർത്താവ് വിൽപത്രം എഴുതിവച്ച വീട്ടിലാണ് കയറാൻ അവസരമില്ലാതെ പ്രായാധിക്യമുള്ള അമ്മ വലയുന്നത്. ഇതോടൊപ്പം വീടിനോട് ചേർന്ന് അമ്മയുടെ ചെലവിനായി പിതാവ് നിർമ്മിച്ച രണ്ട് കടമുറികൾ പൊളിച്ചു മാറ്റുകയും വീട്ടിലെ കാർഷികാദായങ്ങൾ അമ്മയ്ക്ക് ലഭിക്കാതിരിക്കാൻ വെട്ടി നശിപ്പിച്ചതായും മകൻ തമ്പിക്കെതിരെ കുഞ്ഞമ്മ മൂവാറ്റുപുഴ ആർ.ഡി.ഒക്ക് പരാതി നൽകി. നാല് വർഷം മുമ്പ് മകൻ സംരക്ഷിക്കുമെന്ന ഉറപ്പിൽ മകൻ താമസിക്കുന്ന വീട്ടിൽ എത്തിയെങ്കിലും ഭക്ഷണം പോലും നൽകാതെ ഒറ്റമുറിയിൽ അടച്ചിട്ട് പുറം ലോകവുമായുള്ള ബന്ധം പോലും നിഷേധിച്ചതായും പരാതിയിലുണ്ട്. മകന്റെ ഭാര്യ സിസിലിയുമായി യോജിച്ച് പോകാൻ പറ്റാതെ വന്നതോടെ ആദ്യം കിളികുളത്തുള്ള വൃദ്ധ സദനത്തിലാക്കി. പിന്നീട് 2020 ൽ പേരമകന്റെ വിവാഹത്തിന് തിരിച്ച് വീട്ടിലെത്തിച്ചു. പിന്നീട് വൈപ്പിനിലുള്ള അനാഥ മന്ദിരത്തിലേക്ക് മാറ്റാനായി ശ്രമം നടത്തിയതോടെ കുഞ്ഞമ്മയുടെ സഹോദരന്മാർ ഇടപെട്ട് അയച്ചില്ല. പിന്നീട് ഇവരോടൊപ്പം താമസിച്ച് വരുന്നതിനിടയിൽ സ്വന്തം വീട്ടിൽ കയറികിടക്കാനായി കുഞ്ഞമ്മ കുന്നത്തുനാട് പൊലീസിൽ പരാതിയുമായെത്തി. കഴിഞ്ഞ എട്ടിന് അവിടെ മകൻ താമസിപ്പിച്ചിരുന്ന അന്യസംസ്ഥാനതൊഴിലാളികളെ ഒഴിവാക്കി അമ്മയ്ക്ക് താമസമൊരുക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. എന്നാൽ അതിനു തയ്യാറാകാതെ വീടിന്റെ മുകൾനിലയിലാണ് തൊഴിലാളികളെന്നും താഴെ താമസിക്കാൻ ബുദ്ധിമുട്ടില്ലെന്നും അറിയിച്ചു. ഇതോടെയാണ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്. എന്നാൽ ആർ.ഡി.ഒ ഓഫീസിൽ മകൻ എത്താതെ വന്നതോടെയാണ് അമ്മ വീടിനു മുന്നിൽ സത്യാഗ്രഹം തുടങ്ങുകയായിരുന്നു. അതിനിടെ അമ്മയ്ക്ക് താമസമൊരുക്കാൻ മകനോട് നിർദ്ദേശിച്ച കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ, തന്നോട് കയർത്തു സംസാരിച്ചെന്നാരോപിച്ച് വിവിധ ഏജൻസികൾക്ക് പരാതിയും നൽകിയിട്ടുണ്ട്.