പുന്നപ്ര - വയലാർ വെടിവയ്പ് നടന്നിട്ട് ഇന്ന് 75 വർഷം, ചോര ചീന്തിയ ഓർമ്മകൾക്ക് മേദിനിയുടെ റെഡ് സല്യൂട്ട്

Saturday 23 October 2021 12:28 AM IST

ആലപ്പുഴ: റെഡ് സല്യൂട്ട് റെഡ് സല്യൂട്ട്

രക്തസാക്ഷി ഗ്രാമങ്ങളേ

പുന്നപ്ര - വയലാർ ഗ്രാമങ്ങളേ

പുളകങ്ങളേ വീര പുളകങ്ങളേ...

രക്തസാക്ഷികളെ കുറിച്ച് പാടുമ്പോൾ, നേരിൽ കണ്ട കാഴ്ചകളാണ് മേദിനിയുടെ മനസിൽ. കണ്ണിലവർ നിറയും. സഖാവ് പി. കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുന്നിൽ നിന്ന് പാടുമ്പോൾ അദ്ദേഹം കൂടെ നിൽക്കും പോലെ. 88ാം വയസിൽ അമ്പലപ്പുഴയിൽ മകൾ ഹൻസയുടെ വീട്ടിലിരുന്ന് ഓർമകളിലേക്ക് സഞ്ചരിക്കുകയാണ് വിപ്ലവഗായിക പി.കെ. മേദിനി.

പുന്നപ്ര - വയലാർ സമരത്തിലെ ആദ്യ വെടിവയ്പ് നടന്നിട്ട് 75 വർഷമാകുമ്പോൾ, പോരാട്ടവീര്യത്തിന്റെ കെടാത്ത ജ്വാലയായി സമരമുഖങ്ങളിൽ ഇന്നുമുണ്ടവർ. 75ാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ കഴിഞ്ഞ ദിവസം പതാക ഉയർത്തിയത് മേദിനിയാണ്. പുന്നപ്ര - വയലാർ സമര സേനാനികൾക്കുള്ള പെൻഷൻ ഇന്നും കൈപ്പറ്റുന്ന ഏക വനിത.

പുന്നപ്ര- വയലാർ സമരം നടക്കുമ്പോൾ മേദിനിക്ക് 13 വയസ്. പന്ത്രണ്ടാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു. ഫീസ് നൽകാനാവാതെ സ്കൂളിൽ നിന്ന് പുറത്താക്കി. സഹോദരൻ ശാരംഗപാണിക്ക് തുന്നലിലൂടെ ലഭിക്കുന്ന തുച്ഛമായ തുക മാത്രമായിരിന്നു ഏക വരുമാനം.

തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂണിയനോട് ചേർന്നുള്ള തൊഴിലാളി കലാസാംസ്‌കാരിക കേന്ദ്രത്തിലെ സന്ദർശനമാണ് മേദിനിയെ വിപ്ലവ ഗാനത്തിലേക്ക് ആകർഷിച്ചത്. ചൂഷണങ്ങൾക്കെതിരെ ചെങ്കൊടി എടുത്തത് കലാപ്രസ്ഥാനത്തിൽ വന്നതോടെയാണ്. ആദ്യമായി പൊതു വേദിയിൽ പാടുന്നത് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്തായിരുന്നു. പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗം. വൈദ്യുതിയും മൈക്കുമില്ല. പെട്രോമാക്‌സിന്റെ വെളിച്ചം മാത്രം. പി.ടി.പൊന്നൂസ് പങ്കെടുത്ത യോഗമാണ്. പിന്നീട് യൂണിയൻ സമ്മേളനങ്ങളിലും പാർട്ടി യോഗങ്ങളിലും മേദിനിയും പാട്ടും ഭാഗമായി. പി.കെ.മേദിനിയുടെ പാട്ടും പൊതുയോഗത്തിൽ ഉണ്ടാകുമെന്ന് സംഘടകർ അറിയിപ്പു നൽകും, ആളെക്കൂട്ടാനായി. അനസൂയയും കെ. മീനാക്ഷിയും ഉൾപ്പെട്ട സംഘമാണ് പാടാൻ ഒപ്പമുണ്ടായിരുന്നത്.

"പണിയിടങ്ങളിൽ നിന്ന് ചോറ്റുപാത്രവും പിടിച്ച് ആൺ പെൺ ഭേദമില്ലാതെ തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനങ്ങളായി പോകുന്ന കാലം. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നു പ്രധാന മുദ്രാവാക്യം. പ്രായപൂർത്തി വോട്ടവകാശം, തൊഴിൽപരമായ അവകാശങ്ങൾ ഇതൊക്കെ അവർ സ്വന്തം ജീവൻ നൽകി നമുക്ക് നേടിത്തന്നതാണ് "

- പി.കെ. മേദിനി

Advertisement
Advertisement