എട്ട് ഒളികാമറ, നിറഞ്ഞ് കവിഞ്ഞ് ഹാർഡ് ഡിസ്ക്; ഉന്നതരുടെ 'ചികിത്സ"യും മോൻസൺ പക‌ർത്തി

Saturday 23 October 2021 1:21 AM IST

കൊച്ചി: കലൂരിലെ വാടകവീട്ടിലെ ഉന്നതരുടെ സന്ദർശനവും ചികിത്സയും ഒളികാമറയിൽ പകർത്തി പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പോക്സോ കേസിലെ ഇരയുടെ വെളിപ്പെടുത്തലിനെത്തുട‌ർന്ന് നടത്തിയ റെയ്ഡിലാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ചത്. എട്ട് ഒളികാമറയാണ് കലൂരി​ലെ വീടിന്റെ മുകൾ നിലയി​ലുള്ള തിരുമ്മൽ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്നത്. ഹാർഡ് ഡിസ്കിൽനിന്ന് നീക്കി​യ ദൃശ്യങ്ങൾ വീണ്ടെടുക്കും. വീട്ടിലെ പരിശോധനാ മുറിയിൽനിന്ന് ഗർഭനിരോധന ഗുളികകൾ കണ്ടെത്തിയതായും വിവരമുണ്ട്.

സിനിമാ, പൊലീസ്, രാഷ്ട്രീയരംഗത്തെ ഉന്നത‌ർ മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ നിത്യസന്ദർശകരായിരുന്നു എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ചികിത്സയ്ക്കെന്ന പേരിൽ വീട്ടിൽ എത്തിയ ഉന്നതരുടെയും തന്റെയും ദൃശ്യങ്ങളും മോൻസൺ രഹസ്യമായി ചിത്രീകരിച്ചു.

മോൻസന്റെ മുൻ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലും കലൂരിലെ വീട്ടിൽ പതിവായി എത്തിയിരുന്നു. മോൻസണെതിരെ പരാതി നൽകാൻ പലരും തയ്യാറാകാതിരുന്നത് ബ്ലാക്ക്‌മെയിലിംഗ് ഭയന്നാണെന്ന് പെൺകുട്ടി പറയുന്നു.

നിരവധി ഉന്നതർ ഇവിടെ ചികിത്സയ്‌ക്കെത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രായപൂർത്തി​യാകാത്ത പെൺകുട്ടികളെ കലൂരിലെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി നേരത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഉന്നതരുടെ ദൃശ്യങ്ങൾ മോൻസൺ പകർത്തിയെന്ന സംശയം നേരത്തെതന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസിൽ മോൻസണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോൻസന്റെ ചില ജോലിക്കാരും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതിചേർത്തേക്കും. വിശദമായി അന്വേഷിച്ചശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

പണത്തിന്റെ വരവ് കണ്ടെത്തി

2,26,000 കോടി രൂപ ഫെമ നിയമത്തിൽ കുടുങ്ങി കിടക്കുകയാണെന്നും നിയമപോരാട്ടത്തിലൂടെ ഇതു വീണ്ടെടുക്കാമെന്നും വിശ്വസിപ്പിച്ച് പലരിൽ നിന്നായി തട്ടിയ പണത്തിന്റെ വരവ് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോൻസന്റെ വീട്ടുജോലിക്കാർ മുതൽ ജീവനക്കാർ വരെയുള്ളവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. തുക എത്രയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. പണം എവിടേക്ക് പോയെന്നത് അന്വേഷിച്ച് വരികയാണ്. ഇയാളുടെ മാനേ‌ജർമാരെയും ജോലിക്കാരുടെയും മൊഴിയെടുക്കൽ പൂ‌ർത്തിയായി.

ഓം പ്രകാശിനെ ചോദ്യം ചെയ്തു

മോൺസണുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തി​രുവനന്തപുരത്തെ ഗുണ്ടാനേതാവ് ഓം പ്രകാശിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ പേരിലുള്ള മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാൻ മോൺസൺ ഇടപെട്ടിരുന്നു. മോൻസന്റെ സഹായത്തോടെ നഗരത്തി​ലെ ഒരു അസി​. കമ്മി​ഷ‌ണ‌ർ വഴി​

പണം നൽകി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തൽ.

Advertisement
Advertisement