നഷ്ടപരിഹാരം​ പ്രതീക്ഷിച്ച് പ്രളയം തകർത്ത കൂട്ടിക്കൽ

Saturday 23 October 2021 1:25 AM IST

മുണ്ടക്കയം:ഇളങ്കാട്-വാഗമൺ റോഡിലെ ആദ്യപാലത്തിന് താഴെയുള്ള കൊച്ചുകൂരയിൽ താമസിക്കുന്ന മജേഷും കുടുംബവും ക്യാമ്പിൽ നിന്ന് തകർന്ന വീടുവരെ എത്തിയതാണ്. പ്രളയജലം കുത്തിയൊലിച്ച് വരുന്നത് കണ്ട് വീട്ടിലെ തയ്യൽ മെഷീന് മുന്നിൽ നിന്ന് ഭാര്യ അജിത മക്കളുമായി ഇറങ്ങി ഓടുകയായിരുന്നു. കൈവശം ആധാർ കാർഡ് മാത്രം. ക്യാമ്പ് കഴിഞ്ഞ് തിരികെ വരുമ്പോൾ എവിടെ കിടക്കുമെന്ന് പോലും അറിയില്ല. ദുരന്തം കഴിഞ്ഞ് ഒരാഴ്‌ചയാകുമ്പോൾ മജേഷിനെപ്പോലെ നഷ്ടപരിഹാരം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് മലയോര ജനത. കൂട്ടിക്കൽ ഇതുവരെ കാണാത്ത വെള്ളമാണ് പാഞ്ഞൊഴുകിയത്. വീടുകൾ, കടകൾ, കൃഷിയിടങ്ങൾ, പാലങ്ങൾ, റോഡുകൾ, കുടിവെള്ള പദ്ധതികൾ... എല്ലാം തകർന്നടിഞ്ഞു. ഉടുതുണി മാത്രമായി നൂറുകണക്കിന് പേർ. അഞ്ച് മിനിറ്റിൽ കൂട്ടിക്കൽ പ്രദേശം അമ്പത് വ‌ർഷം പിന്നിലേക്ക് പോയി. ഇന്നലെ അവലോകന യോഗത്തിൽ നഷ്ടപരിഹാര പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നിരാശയായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി പതിനായിരം രൂപമാത്രമാണ് ലഭിച്ചത്.

 വീടുകൾ പോയവരിൽ പുറമ്പോക്കിലുള്ളവരും

പുല്ലകയാറിന്റെയും മീനച്ചിലാറിന്റെയും തീരത്ത് പുറമ്പോക്കിൽ താസിച്ചിരുന്ന നൂറിലേറെ പേരുടെ വീടുകൾ നശിച്ചു. ഇത് സർക്കാർ കണക്കിൽ പെടില്ല. കൂട്ടിക്കൽ, മുണ്ടക്കയം ഭാഗത്താണ് ഏറെയും. ഇവർക്ക് ഉടുതുണിയല്ലാതെ മറ്റൊന്നുമില്ല. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നശിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ രാധാമണി വാസുദേവനെപ്പോലുള്ള നിരവധി പേരുമുണ്ട്.

 കിട്ടാനില്ല കുടിവെള്ളം

ജലനിധിയടക്കം പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ പൈപ്പുകൾ ഒഴുകിപ്പോയി. കിണറുകൾ മൂടപ്പെട്ടു. ബാക്കിയുള്ള കിണറുകൾ വൃത്തിയാക്കണം. ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങളും നല്ല വെള്ളമില്ലാതെ കഴിയുകയാണ്. ശുചീകരിക്കാതെ വെള്ളം ഉപയോഗിക്കുന്നത് എലിപ്പനിയടക്കമുള്ള രോഗങ്ങളും ക്ഷണിച്ചു വരുത്തും.

കൂട്ടിക്കലിലെ നഷ്ടം

 12 മനുഷ്യ ജീവനുകൾ

നിരവധി വളർത്തു മൃഗങ്ങൾ
 600 വീടുകളും 150 കടകളും

തകർന്ന റോഡുകൾ

മുണ്ടക്കയം - ഇളംകാട്-വാഗമൺ റോഡ്
ഏന്തയാർ-കൈപ്പള്ളി- പൂഞ്ഞാർ റോഡ്
കൂട്ടിക്കൽ-കാവാലി-ചോലത്തടം റോഡ്

പാലങ്ങളുടെ നഷ്ടം 6.35 കോടിയുടേത്


'' വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോർട്ട് നൽകും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തിയാക്കും. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും'' -

മന്ത്രി വി.എൻ.വാസവൻ