പെട്രോൾ വില ₹120ലേക്ക്; നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 120 രൂപയെന്ന 'നാഴികക്കല്ലിലേക്ക്" അടുക്കുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ ഇന്നലെ 39 പൈസ വർദ്ധിച്ച് വില 119.73 രൂപയായി. 40 പൈസ ഉയർന്ന് 110.62 രൂപയാണ് അവിടെ ഡീസലിന്. ഇന്ത്യയിൽ ഇന്ധനത്തിന് ഏറ്റവും ഉയർന്ന വില ശ്രീഗംഗാനഗറിലാണ്.
കേരളത്തിലുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും പെട്രോൾ വില സെഞ്ച്വറിയും കടന്ന് കുതിക്കുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഡീസലും '100" പിന്നിട്ടു. അതേസമയം, ഇന്ധനവില കുറയാനായി എക്‌സൈസ് നികുതി കുറയ്ക്കുന്നത് കേന്ദ്രം ആലോചിച്ചിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതുകൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും പെട്രോളിയം മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
ഒപെക് പ്ളസ് രാഷ്‌ട്രങ്ങൾ ക്രൂഡോയിൽ ഉത്‌പാദനം ഉയർത്താത്തതും രാജ്യാന്തര ക്രൂഡോയിൽ വില വർദ്ധനയുമാണ് നിലവിലെ ഇന്ധന വിലക്കുതിപ്പിന് കാരണം. വരുംനാളുകളിൽ ക്രൂഡോയിൽ വില കുറയുമെന്നാണ് പ്രതീക്ഷ; ആനുപാതികമായി പെട്രോൾ, ഡീസൽ വിലയും താഴുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ₹109
സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 109 രൂപ കടന്നു. തിരുവനന്തപുരത്ത് 35 പൈസ വർദ്ധിച്ച് വില 109.14 രൂപയായി. 37 പൈസ ഉയർന്ന് 102.77 രൂപയാണ് ഡീസലിന്.
ഈമാസം ഇതുവരെ പെട്രോളിന് കൂടിയത് 5.26 രൂപ; ഡീസലിന് 6.06 രൂപ.
ഫ്ളെക്‌സ് ഫ്യുവൽ എൻജിൻ
ആറുമാസത്തിനകം: ഗഡ്‌കരി
ഒന്നിലധികം ഇന്ധനത്താൽ ഓടുന്ന (ഫ്ളെക്‌സ് ഫ്യുവൽ) എൻജിനോട് കൂടിയ വാഹനങ്ങൾ നിർബന്ധമാക്കുന്ന നിയമം ആറുമാസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. എഥനോൾ, സി.എൻ.ജി.,എൽ.എൻ.ജി., ഇലക്‌ട്രിക് എൻജിൻ ഓപ്‌ഷനുകളാണുള്ളത്. എഥനോളിനാണ് ഏറ്റവും വിലക്കുറവ്.
100 ശതമാനം പെട്രോളിലോ എഥനോളിലോ ഓടുന്ന ബി.എസ്-6 എൻജിൻ വാഹനങ്ങൾ നിർമ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ടി.വി.എസ്., ബജാജ് എന്നിവയോട് ഫ്ളെക്‌സ് ടൂവീലറുകൾ നിർമ്മിക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഗഡ്കരി പറഞ്ഞു.