മഴ കുറഞ്ഞു, ഇടുക്കിയിലെ രണ്ട് ഷട്ടർ അടച്ചു,   മൂന്നാം നമ്പർ ഷട്ടർ കൂടുതൽ ഉയർത്തി

Saturday 23 October 2021 1:39 AM IST

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് രണ്ട്, നാല് നമ്പർ ഷട്ടറുകൾ അടച്ചത്. അതേസമയം, മൂന്നാം നമ്പർ ഷട്ടർ 35ൽ നിന്ന് 40 സെ. മീറ്ററായി ഉയർത്തി. ഇതിലൂടെ 40 ക്യുമെക്‌സ് വെള്ളം പുറത്ത് പോകുന്നുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 2398.20 അടിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച 2398.08 അടിയെത്തിയപ്പോഴാണ് ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. നീരൊഴുക്കിലും കുറവുണ്ട്. 21ന് കേന്ദ്ര ജലകമ്മിഷന്റെ പുതിയ റൂൾ ലെവൽ നിലവിൽ വന്നിരുന്നു. ഇത് പ്രകാരം 2399.31 അടി വരെ വെള്ളം സംഭരിക്കാനാകും. ഇന്നലെ ജില്ലാ ദുരന്തനിവാരണ സമിതിയുടെ തീരുമാന പ്രകാരമാണ് രണ്ടു ഷട്ടറുകൾ അടച്ചത്.

ഒഴുക്കിക്കളഞ്ഞത് 18.30 കോടിയുടെ വെള്ളം

മൂന്ന് ഷട്ടറുകൾ തുറന്ന് 74 മണിക്കൂർ പിന്നിടുമ്പോൾ ഒഴുക്കിക്കളഞ്ഞത് 18.30 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ചൊവ്വാഴ്ച രാവിലെ 11ന് തുറന്ന ഡാം വഴി 27.657 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇതുവരെ ഒഴുക്കിവിട്ടത്.

മുല്ലപ്പെരിയാറി135.5 അടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.5 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. സെക്കൻഡിൽ 2342 ഘന അടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 2050 ഘന അടി വെള്ളം തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്.