റിയാദ് ഫെസ്റ്റിവലിന് തുടക്കം

Saturday 23 October 2021 1:48 AM IST

റിയാദ്: റിയാദ് ഫെസ്റ്റിവലിന്റെ രണ്ടാം സീസണിന് തുടക്കമായി. 1500 നർത്തകർ അണിനിരന്ന വർണാഭമായ ഉദ്ഘാടന പരേഡ് ജനലക്ഷങ്ങൾക്ക് പുത്തൻ അനുഭവമായി. വെടിക്കെട്ടുകളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ 2760 ഡ്രോൺ വിമാനങ്ങൾ ആകാശത്ത് നിറങ്ങളാൽ വിസ്മയങ്ങൾ തീർത്തു. ഏഴര ലക്ഷത്തോളം പേരാണ് ഉദ്ഘാടനച്ചടങ്ങ് കാണാൻ പരേഡ് ഗ്രൗണ്ടിലെത്തിയത്. ലോകത്തെ സൗദിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്ന് സംഘാടകരായ ജനറൽ എന്റർടൈന്‍മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശെയ്ഖ് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. വിനോദ മേഖലയുടെ പുരോഗതിക്ക് നല്‍കുന്ന പിന്തുണയ്ക്ക് ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ ടിക്കറ്റും മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു എന്നത് ഫെസ്റ്റിവൽ ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ദിവസം ലോകപ്രശസ്ത അമേരിക്കൻ റാപ്പർ പിറ്റ്ബുൾ നയിച്ച സംഗീത നിശയിൽ രണ്ടര ലക്ഷത്തിലേറെ ആസ്വാദകരാണ് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ ശേഷം നടക്കുന്ന ഏറ്റവും വലിയ സംഗീത പരിപാടിയാണിത്.

അടുത്ത വർഷം മാർച്ച് വരെയുള്ള അഞ്ച് മാസംവരെ നീണ്ടു നില്‍ക്കുന്ന 7500 വ്യത്യസ്ത വിനോദ പരിപാടികളാണ് നടക്കുക. റിയാദിലെ 14 പ്രധാന വേദികളിലായാണ് പരിപാടികൾ നടക്കുക. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവലിന്റെ സംഘാടകർ. 10 അന്താരാഷ്ട്ര പ്രദർശനങ്ങൾ, 350 നാടക പ്രദർശനങ്ങൾ, പിഎസ്ജിയുടെ ഫുട്‌ബോൾ മത്സരം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ടൂർണമെന്റുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

Advertisement
Advertisement