മുകേഷ് അംബാനിയുടേതാണോ വൈറൽ അലമാര

Saturday 23 October 2021 2:15 PM IST

വാർത്തകൾ വേഗത്തിൽ അറിയാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കേണ്ട അവസ്ഥയാണിന്ന്. പക്ഷേ, ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നതെല്ലാം. പലപ്പോഴും ചിത്രങ്ങളാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കുക. അതിൽ തന്നെ നല്ലൊരു അംശവും വ്യാജന്മാരാവുകയും അവയെല്ലാം വൈറലാവുകയുമാണ് പതിവ്. സത്യം തിരിച്ചറിയാതെ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ യഥാർത്ഥ വസ്‌തുത തിരിച്ചറിയാൻ ദിവസങ്ങൾ വേണ്ടി വന്നേക്കാം. ഒരു അലമാര നിറയെ പണമിരിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടപ്പുണ്ട്. അഞ്ഞൂറ് രൂപയുടെ നോട്ടുകൾ പല കെട്ടുകളിലായാണ് ഒരു അലമാര നിറയെ അടുക്കി വച്ചിരിക്കുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ അതിനെ ചുറ്റിപ്പറ്റി പല വിവരണങ്ങളും പലരിൽ നിന്നും പുറത്തുവന്നു. മുകേഷ് അംബാനിയുടെ വീട്ടിലെ അലമാരയാണെന്നും അതല്ല ഒസാമ ബിൻ ലാദൻ ഒളിച്ചിരുന്ന സ്ഥലത്തെ അലമാരയാണെന്നുമൊക്കെയുള്ള പല കുറിപ്പുകളും വന്നു. പക്ഷേ, സത്യം അതൊന്നുമല്ല.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് കണ്ടെടുത്ത തുകയാണത്രേ അത്. ഏതാണ്ട് 550 കോടി രൂപയാണ് പിടിച്ചെടുത്തത്. പക്ഷേ, അതിന്റെ ഒരു ഭാഗം മാത്രമാണിതെന്നാണ് പുറത്തുവരുന്നത്. ഈ മാസം ആദ്യം നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. തിരച്ചിലിൽ നിരവധി ബാങ്ക്‌ലോക്കറുകൾ കണ്ടെത്തിയെന്നും അതിൽ 16 ലോക്കറുകൾ തുറന്നു എന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. പണത്തിന് പുറമേ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Advertisement
Advertisement