ഇലക്ട്രോണിക്സ് മേഖലയിൽ വൻശക്തിയാകാൻ ഇന്ത്യ

Sunday 24 October 2021 12:00 AM IST

ന്യൂഡൽഹി: 2024-25 ഓടെ ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖല 300 ബില്യൺ ഡോളറായി (ഏകദേശം 22.5 ലക്ഷം കോടി രൂപ) വളരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉപകരണങ്ങൾക്കും ആശയവിനിമയത്തിനും അപ്പുറം ഓട്ടോമോട്ടീവ്, മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിലേക്കും പദ്ധതികൾ വിപുലീകരിക്കുന്നതിനായി സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അഫയേഴ്സ് ഫോറം ഒഫ് ഇന്ത്യ (PAFI) യുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


2014-15ൽ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പ്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നത് അഞ്ച് വർഷത്തിനുള്ളിൽ 5.5 ലക്ഷം കോടി രൂപയായി വളർന്നുവെന്നും ചന്ദ്രശേഖർ പറഞ്ഞു. ഹൈഡ്രോകാർബണുകൾക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്ട്രോണിക്സ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ഇലക്ട്രോണിക്‌സ് നയം, 2025 ഓടെ 400 ബില്യൺ ഡോളർ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. ആഗോള വിപണിയിൽ വിശ്വസനീയമായ ചരക്കുകളുടെയും സേവനങ്ങളുടെയും വളരെ പ്രധാനപ്പെട്ട ദാതാവായി ഇന്ത്യ മാറും. അധികം വൈകാതെ അർദ്ധചാലകങ്ങൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കും ഉണ്ടാകും. മന്ത്രി പറഞ്ഞു. 

 പതിറ്റാണ്ടുകളായി ഇന്ത്യ നാമമാത്ര കളിക്കാരായിരുന്നു, എന്നാൽ വളരെ കൃത്യമായ നയനടപടികളുടെ പിൻബലത്തിലാണ് ഇന്ത്യ ഇലക്ട്രോണിക്സ് മേഖലയിൽ വളർന്നത്. വൈവിദ്ധ്യമാർന്നതും വിശ്വസനീയവുമായ വിതരണ ശൃംഖലയ്ക്കായി മുറവിളി കൂട്ടുന്ന 1.5 ട്രില്യൺ ഡോളർ ആഗോള മേഖലയാണ് ഇലക്ട്രോണിക്‌സ് വിപണി. ഇതിൽ ഇന്ത്യയും ഒരു പ്രധാന ഭാഗമാകാൻ തയ്യാറെടുക്കുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്

രാജീവ് ചന്ദ്രശേഖർ

ഇലക്ട്രോണിക്സ് ഉത്പാദനം

 2014 -15: 1.8 ലക്ഷം കോടി രൂപ

 2020-21: 5.5 ലക്ഷം കോടി രൂപ

 ലക്ഷ്യം

2024-25: 22.5 ലക്ഷം കോടി രൂപ

Advertisement
Advertisement