വ്യാജ സർട്ടിഫിക്കറ്റ്: 3 വിദ്യാർഥികൾ വിമാനത്താവളത്തിൽ പിടിയിൽ

Sunday 24 October 2021 1:24 AM IST

നെടുമ്പാശേരി: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാൻ ശ്രമിച്ച മൂന്ന് വിദ്യാർഥികൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ഇവർ വെണ്ണല, തുറവൂർ, ഇലഞ്ഞി സ്വദേശികളാണ്. കേരള, എം.ജി, അണ്ണാമല സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രയാകാൻ പഠനാവശ്യത്തിനുള്ള വിസയുമായാണ് ഇവരെത്തിയത്. വ്യാജ സർട്ടിഫിക്കറ്റുകളുമായി നിരവധി പേർ വിദേശത്തേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് സംശയം തോന്നിയതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം സർവകലാശാലകളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവ വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ യാത്രാനുമതി നൽകാതെ ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി.