10% ശമ്പള വർദ്ധനയ്ക്ക് കെ. എസ്. ആർ.ടി.സി, നവംബറിൽ നടപ്പാക്കും

Sunday 24 October 2021 9:42 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പത്തു ശതമാനം വർദ്ധനയോടെ ശമ്പള പരിഷ്‌കാരം നവംബറിൽ നടപ്പാക്കുമെന്നറിയുന്നു. ഗതാഗത വകുപ്പ് ശുപാർശ ചെയ്‌ത വർദ്ധന ധന വകുപ്പ് അംഗീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ 27ന് ധന, ഗതാഗത മന്ത്രിമാരുമായി ചർച്ച ചെയ്യും.

ശമ്പള പരിഷ്കാരം കഴിവതുംവേഗം നടപ്പാക്കാനാണ് മുഖ്യമന്ത്രിക്ക് താൽപര്യം.പതിനൊന്നു വർഷത്തിനു ശേഷമാണ് ശമ്പളം പരിഷ്‌കരിക്കുന്നത്. നിലവിൽ ശമ്പളത്തിന് മാസം 80 കോടി രൂപ വേണം.

സർക്കാർ ശമ്പളം വേണം

സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പള വർദ്ധന ആവശ്യപ്പെടുന്ന സംഘടനകൾ, വിവിധ സ്ലാബുകളും സമർപ്പിച്ചിട്ടുണ്ട്. നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 8730 രൂപയാണ്. സർക്കാർ സർവീസിൽ ഇത് 23,700 രൂപയാണ് ( ലാസ്റ്റ് ഗ്രേഡ് ). കെ. എസ്. ആർ. ടി. സിയിൽ സൂപ്പർവൈസർ തസ്തികയിലെ ശമ്പളം 42,​460 രൂപയും, സർക്കാർ സർവീസിൽ തത്തുല്യമായ തസ്‌തികയിലേത് 1,15,300 രൂപയുമാണ്.

തൊഴിലാളികളുമായി

ഇന്ന് ചർച്ച

കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെ,ശമ്പളത്തിനുള്ള തുക പോലും സർക്കാരിനോട് ചോദിക്കേണ്ട ഗതികേടിലാണ് കെ.എസ്.ആർ.ടി.സി. ശമ്പള പരിഷ്‌കാരം കൂടി നടപ്പാക്കിയാൽ ആ ബാദ്ധ്യതയും സർക്കാരിന്റെ ചുമലിലാകും. ജൂൺ 21 മുതൽ ശമ്പള പരിഷ്‌കാര ചർച്ച ആരംഭിച്ചെങ്കിലും സംഘടനകളുടെ എതിർപ്പ് കാരണം തീരുമാനം നീളുകയായിരുന്നു.

പരിഷ്‌കാരം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 5,6 തീയതികളിൽ ടി.ഡി.എഫും,

5ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷനും കെ.എസ്.ടി എപ്ലോയീസ് സംഘും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാരുമായി മാനേജ്മെന്റ് ഇന്ന് ചർച്ച നടത്തും. കോർപ്പറേഷന്റെ വരുമാന വർദ്ധനവിനുള്ള പദ്ധതികൾ മുടക്കുന്ന പതിവ് തൊഴിലാളി സംഘടനകൾ ഉപേക്ഷിക്കണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

കരകയറാനുള്ള

പദ്ധതികൾ

സ്വിഫ്ട് കമ്പനി: കഴിഞ്ഞ സർക്കാർ അനുവാദം നൽകി. അംഗീകൃത സംഘടനകളായ ടി.ഡി.എഫും എപ്ലോയീസ് സംഘും എതിർക്കുന്നു

വാണിജ്യ പ്രവർത്തനം: പ്രത്യക്ഷത്തിൽ സംഘടനകൾ എതിർക്കുന്നില്ല

മറ്റ് വകുപ്പുകൾക്ക് ബസ്: ചില സംഘടനകൾ എതിർക്കുന്നു

ബെവ് കോ ഷോപ് : പ്രതിപക്ഷ സംഘടനകൾ എതിർക്കുന്നു

എതിർപ്പ് മാറിയാൽ: ജീവനക്കാരെ താൽക്കാലികമായി മാറ്റി നിറുത്തണമെന്ന നിർദ്ദേശം പിൻവലിക്കും .ഇൻസെന്റീവ് ഉൾപ്പെടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കും.

'' സ്ലാ​ബ് ​ഉ​ൾ​പ്പെ​ടെ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഏ​തെ​ല്ലാം​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് 27​ലെ​ ​യോഗത്തി​ൽ ​തീ​രു​മാ​നി​ക്കും​.''

- ആന്റണി രാജു,

ഗതാഗതമന്ത്രി

Advertisement
Advertisement