അഞ്ചു ലക്ഷം വരെ വായ്‌പ,​ ഒരു ലക്ഷം രൂപ സബ്‌സിഡി,​ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതിക്ക് നാളെ തുടക്കം

Sunday 24 October 2021 11:39 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസികൾക്കുളള സമഗ്ര പുനരധിവാസ പദ്ധതിയായ നോർക്ക പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ തുടക്കം. നോര്‍ക്ക നടപ്പാക്കുന്ന പദ്ധതിയിൽ. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ ലഭിക്കും. കെ.എസ്.എഫ്.ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കും.

കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകള്‍ വഴി പവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.കേരളാ ബാങ്ക്ഉള്‍പ്പെടെയുളള വിവിധ സഹകരണസ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്‌ഡ് ബാങ്കുകള്‍,​ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടുണ്ട്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ സംരഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രതപേള്‍ പദ്ധതി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിരുന്നു.