സിയാലിൽ ജലവൈദ്യുത പദ്ധതി; ആദ്യ പവർഹൗസ് ഉദ്ഘാടനം 6ന്
നിർമ്മാണച്ചെലവ് ₹52 കോടി
സ്ഥാപിതശേഷി 4.5 മെഗാവാട്ട്. ഒരുവർഷം 14 ദശലക്ഷം യൂണിറ്റ്
വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക്
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിന്റെ (സിയാൽ) വികസനനേട്ടങ്ങളിലെ പൊൻതൂവലാകാൻ ജലവൈദ്യുതി പദ്ധതിയും. സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം യഥാർത്ഥ്യമാക്കിയ സിയാലിലെ ആദ്യ ജലവൈദ്യുതോത്പാദന പദ്ധതി നവംബർ ആറിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം. വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയപ്രകാരമുള്ള പദ്ധതി കൊവിഡിനിടയിലും അതിവേഗം പൂർത്തിയാക്കി. 32 സ്ഥലമുടമകളിൽ നിന്നായി അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്തു. പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റർ അകലെ അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് ചെലവ്. 2015ൽ ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷമാണ് സിയാൽ വൈദ്യുതോത്പാദന രംഗത്തേക്ക് കടന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
പരിസ്ഥിതി സൗഹൃദം
നദീജല പ്രവാഹത്തെ ആശ്രയിച്ചുള്ളതാണ് പദ്ധതി (റൺ ഒഫ് ദ റിവർ പ്രോജക്ട്). പരിസ്ഥിതി ആഘാതം കുറവ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ട്. പൂർണതോതിൽ ഒഴുക്കുള്ളപ്പോൾ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകും.