ഇതല്ല, ഇങ്ങനെയല്ല കൊഹ്‌ലി; പാകിസ്ഥാനോടേറ്റ പരാജയത്തിനു ശേഷം ഗ്രൗണ്ടിലും പത്രസമ്മേളന വേദിയിലും അമ്പരപ്പിച്ച് ഇന്ത്യൻ നായകൻ

Monday 25 October 2021 11:03 AM IST

ദുബായ്: ക്രിക്കറ്റിൽ ആക്രമണോത്സുകതയുടെ അവസാനവാക്കാണ് കൊഹ്‌ലി. അത് ക്രിക്കറ്റ് ഗ്രൗണ്ടിലായാലും പുറത്തായാലും. 'ഇങ്ങോട്ട് ചൊറിയാൻ വരുന്നവരെ' വെറുതേവിടില്ലെന്നു മാത്രമല്ല വേണ്ടിവന്നാൽ അങ്ങോട്ട് ചെന്ന് പണികൊടുക്കുകയും ചെയ്യും. എന്നാൽ ഇന്നലെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടേറ്റ കനത്ത തോൽവിക്കു പിന്നാലെ ആരാധകർ കണ്ടു ശീലിച്ച കൊഹ്‌ലിയെയല്ല കണ്ടത്.

ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ നായകൻ എന്ന ചീത്തപേര് സമ്പാദിച്ചപ്പോഴും തന്റെ എതിരാളികളുടെ സന്തോഷത്തിൽ പങ്കുച്ചേരാൻ ഇന്ത്യൻ നായകൻ മറന്നില്ലെന്നതാണ് കൗതുകം. ഇന്ത്യക്കെതിരായി വിജയറൺ നേടിയ ശേഷം മതിമറന്ന് ആഘോഷിക്കുന്ന പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനെ ചേർത്തുപിടിക്കുന്ന കൊഹ്‌ലിയുടെ ചിത്രം ടിവി ചാനലുകൾ ഇടക്കിടെ കാണിക്കുന്നുണ്ടായിരുന്നു.

A post shared by Pakistan Cricket (@therealpcb)

മത്സരശേഷമുള്ള പത്രസമ്മേളനത്തിലും കൊഹ്ലിയുടെ പെരുമാറ്റത്തിലെ ഈ മാറ്റം ശ്രദ്ധേയമായിരുന്നു. ഇഷാൻ കിഷന് പകരം രോഹിത് ശർമ്മയെ കളിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിച്ചോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് വളരെ സംയമനത്തോടെയാണ് കൊഹ്ലി മറുപടി നൽകിയത്. പത്രപ്രവർത്തകന്റേത് വളരെ ധീരമായ ഒരു ചോദ്യമാണെന്ന് പറഞ്ഞ കൊഹ്ലി ഈ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞു. പത്രപ്രവർത്തകൻ ഒരു വിവാദം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നേരത്തെ പറഞ്ഞാൽ താൻ അതിന് അനുസരിച്ച് മറുപടി നൽകാമെന്നും കൊഹ്‌ലി വ്യക്തമാക്കി. കൊഹ്‌ലിയെ പ്രകോപിപ്പിച്ച് വാർത്തയുണ്ടാക്കാനുള്ള മാദ്ധ്യമപ്രവർത്തകന്റെ ശ്രമമായിരുന്നു ആ ചോദ്യമെന്നത് വ്യക്തമായിരുന്നു. പഴയ കൊഹ്‌ലിയായിരുന്നെങ്കിൽ ആ പത്രസമ്മേളന മുറി ഒരു യുദ്ധക്കളമായി മാറുമായിരുന്നു.

എതിരാളികൾ ആരായിരുന്നാലും അവരെ കടിച്ചുകീറാൻ നിൽക്കുന്ന കൊഹ്‌ലിയെയല്ല ഇന്നലത്തെ ഈ രണ്ട് സംഭവത്തിലും കണ്ടത്. ഏത് വിഷമഘട്ടത്തിലും കൂൾ ആയി നിൽക്കുന്ന ഒരു ഇന്ത്യൻ നായകനെ ഇതിനു മുമ്പ് കണ്ടത് ധോണിയിലായിരുന്നു. ധോണി ടീമിന്റെ ഉപദേശകനായി എത്തിയതിനു ശേഷമാണ് കൊഹ്‌ലിയിൽ ഈ മാറ്റം കാണുന്നതെന്നതും ഒരുപക്ഷേ യാദൃശ്ചികമാകാം. കുറച്ചു കാലങ്ങൾക്കു മുമ്പ് ഇതുപോലെ പ്രകേപനപരമായ ഒരു ചോദ്യം ചോദിച്ച വിദേശപത്രപ്രവർത്തകനെ വേദിയിലേക്ക് വിളിച്ച് അയാൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അയാളെകൊണ്ട് തന്നെ പറയിപ്പിച്ച മറ്റൊരു ധോണിയായിരുന്നു ഇന്നലത്തെ കൊഹ്‌ലി.

Advertisement
Advertisement