മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം, ഇപ്പോൾ പ്രശ്നങ്ങളില്ല, അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടിയെന്നും മുഖ്യമന്ത്രി

Monday 25 October 2021 12:46 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നുതന്നെയാണ് സംസ്ഥാന സർക്കാരിന്റെ വാദം. അതിൽ മാറ്റമില്ല. ഇക്കാര്യത്തിൽ തമിഴ്നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കും എന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കനത്ത മഴയെത്തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സോഷ്യൽ മീഡിയിലൂടെ വ്യാപകമായി ഭീതിപരത്തുന്ന വ്യാജ പ്രചാരണങ്ങൾ ഉണ്ടായത്. ഡാം ഉടൻ പൊട്ടുമെന്നുതരത്തിലൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. പലരും ഇക്കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു.

അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി കടന്നിരിക്കുകയാണ്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാ‌‌ർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാ‌ർ ഉറപ്പ് നൽകി. ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തി. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാലും കുറച്ച് പേരെ മാത്രമേ മാറ്റി പാർപ്പിക്കേണ്ടി വരുകയുള്ളൂ. ഇവരുടെ പട്ടികയും മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളും സ‌ർക്കാർ ഒരുക്കിക്കഴി‌ഞ്ഞു.

ജലനിരപ്പ് അപകടകരമായി ഉയരുകയും പരമാവധിയായ 142 അടിയിലേക്ക് ഉടൻ ഉയരാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം ഒഴുക്കി ജലനിരപ്പ് താഴ്ത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. കേന്ദ്രസർക്കാരിനെയും വിവരമറിയിച്ചു. കഴിഞ്ഞ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാടിനെ വിവരമറിയിച്ചിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2109 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. പുറത്തേക്ക് ഒഴുക്കിവിടുന്നത് കേവലം 1750 അടി മാത്രവും. ഇതേരീതിയിൽ മുന്നോട്ട് പോയാൽ പരമാവധി നിരപ്പായ 142 അടിയിലെത്തിച്ചേരാൻ കാലതാമസമുണ്ടാകില്ലെന്നാണ് ആശങ്ക.

Advertisement
Advertisement