'ആന്റിബോഡി കോക്ടെയിൽ ചികിത്സ കൊവിഡിനെതിരായ വജ്രായുധം'

Tuesday 26 October 2021 9:36 AM IST

കൊച്ചി: കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും ശക്തമായ ആയുധമാണ് മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ചികിത്സയെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ച് ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബിയിംഗ് (ഐ.എച്ച്.ഡബ്ല്യൂ) സംഘടിപ്പിച്ച സെമിനാറിലാണ് പ്രമുഖ ഡോക്ടർമാർ ചികിത്സാനുഭവങ്ങൾ പങ്കുവച്ചത്.

ലേക്‌ഷോർ ആശുപത്രിയിലെ നെഫ്‌റോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ളാന്റ് വിഭാഗത്തിലെ ഡോ. എബി എബ്രഹാം എം, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. ആർ ചാന്ദ്‌നി, തിരുവനന്തപുരം കിംസ് ഹെൽത്തിലെ സാംക്രമിക രോഗവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജലക്ഷ്മി അർജുൻ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. വി കെ മുഹമ്മദ് നിയാസ് എന്നിവർ പങ്കെടുത്തു.
ഗുരുതരമായ പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള 400 കൊവിഡ് രോഗികളിൽ ഈ ചികിത്സ വിജയമായെന്ന് ഡോ. ആർ ചാന്ദ്‌നി പറഞ്ഞു. 300 ലധികം രോഗികൾ ഈ ചികിത്സയിലൂടെ അതിവേഗം രോഗവിമുക്തി നേടിയതായി ഡോ. രാജലക്ഷ്മി അർജുൻ പറഞ്ഞു.

Advertisement
Advertisement