അനധികൃത ക്വാറികളെ സംരക്ഷിക്കില്ല: മന്ത്രി പി.രാജീവ്

Tuesday 26 October 2021 3:02 AM IST

തിരുവനന്തപുരം: അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറി ഉടമകൾക്ക് ഒരു രാഷ്ട്രീയ സംരക്ഷണവും സർക്കാർ നൽകില്ലെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള കയർ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ, കേരള ധാതുക്കൾ ബിൽ എന്നിവയുടെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.

2010ൽ 3104 ക്വാറികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോൾ 604 എണ്ണം മാത്രമേയുള്ളൂ. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്നതൊന്നും സർക്കാർ ചെയ്യില്ല. നിലവിലുള്ള നിയമം അനുസരിച്ച് ക്വാറികൾക്ക് പ്രവർത്തിക്കാം. അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ എം.എൽ.എമാർക്ക് ചൂണ്ടിക്കാട്ടാം.

 നോക്കുകൂലിക്കെതിരെ ശക്തമായ നടപടി

നോക്കുകൂലിക്കെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. ഇ ടെൻഡർ വഴി കയർഫെഡിൽ തൊണ്ട് സംഭരിക്കും. ടെൻഡർ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സൊസൈറ്റികൾക്ക് എവിടെ നിന്നും തൊണ്ട് സംഭരിക്കാം.

തൊഴിലവസരം നഷ്ടപ്പെടുത്താതെയുള്ള യന്ത്രവത്കരണമാണ് കയർ മേഖലയിൽ നടപ്പിലാക്കുന്നത്. പ്രായംകൂടിയ തൊഴിലാളികളിൽ എത്രപേരെ കയർ വ്യവസായത്തിന് ഉപയോഗിക്കാമെന്നും യുവാക്കളെ എങ്ങനെ കയർ വ്യവസായത്തിലേക്ക് ആകർഷിക്കാം എന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement