30 ഹെക്ടർ സ്ഥലത്തെ നെൽ വിത്ത് നശിച്ചു

Tuesday 26 October 2021 1:37 AM IST
മണ്ണടി പുന്നക്കാട് ഏലയിൽ ഉണങ്ങിയ വാഴകൾ

തെങ്ങമം: കനത്ത മഴയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 30 ഹെക്ടർ സ്ഥലത്തെ നെൽ വിത്ത് നശിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. മണ്ണടിയിലാണ് കൂടുതൽ നഷ്ടം. 8 ഹെക്ടറിലധികം സ്ഥലത്തെ വിത്താണ് നശിച്ചത്. അടുത്ത സീസണിലേക്കുള്ള നെൽക്കൃഷിയിറക്കിയിരുന്നതാണ്. വെള്ളം പരുവപ്പെടുത്തി നെല്ല് വിതച്ചിരുന്നതാണ്. അപ്പോഴാണ് അപ്രതീക്ഷിത മഴയെത്തി വെള്ളം മുങ്ങി വിത്ത് നശിച്ചത്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതു കാരണം നെൽവിത്ത് അഴുകി പോയി. കർഷകർക്ക് പകരം നെൽ വിത്ത് നൽകുമെന്ന് പറക്കോട് ബ്ലോക്ക് കൃഷി അസി.ഡയറക്ടർ റോഷൻ പറഞ്ഞു. മറ്റു കൃഷികൾ നശിച്ചതിന്റെ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. മണ്ണടി മേഖലയിൽ വെള്ളം കയറി ആയിരത്തിലധികം വാഴകൾ നശിച്ചു. വെള്ളം കെട്ടിനിന്ന് പഴുത്തതാണ് . ഇപ്പോഴും പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല.