മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്; ഉന്നതതല യോഗം വൈകിട്ട്

Tuesday 26 October 2021 7:20 AM IST

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്.നിലവിൽ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കേരള-തമിഴ്‌നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെടും.

ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിലും യോഗം ചേരും.രാവിലെ പതിനൊന്നിന് വണ്ടിപ്പെരിയാറിലാണ് യോഗം. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഫയർഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് തമി‌ഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് ഇന്നലെ കത്ത് നൽകിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ സാദ്ധ്യതയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.