മിനിമം ചാർജ് 12 ആയി വർദ്ധിപ്പിക്കണം, വിദ്യാർത്ഥികൾക്ക് നിരക്ക് ആറ് രൂപയാക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകൾ

Tuesday 26 October 2021 3:59 PM IST

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്‌ക്ക് ആനുപാതികമായി ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യബസുടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്. മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികൾക്ക് മിനിമം ആറ് രൂപയും ആക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. ചാർജ് വർദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതായാണ് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചത്. ഇതിന്റെ ഭാഗമായി നവംബർ ഒൻപതിന് സർവീസ് നിർത്തി സമരം ചെയ്യുമെന്നും ഇവർ അറിയിച്ചു.

ഡീസൽ ലി‌റ്ററിന് 66 രൂപ വിലയുണ്ടായിരുന്ന 2018 മാർച്ചിലാണ് ചാർജ് വർദ്ധന അവസാനമായി ഉണ്ടായത്. ഇപ്പോൾ 103 രൂപ ലി‌റ്ററിന് വിലയായിട്ടും ചാർജ് വ‌ർദ്ധന നടപ്പാക്കാത്തതോടെയാണ് സ്വകാര്യ ബസ് ഉടമകൾ സമരം ആരംഭിക്കുന്നത്. അതേസമയം ശമ്പളപ്രശ്‌നത്തെ തുടർന്ന് കെഎസ്‌ആർ‌ടി‌സിയിലും സമരത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള‌ളതിനാൽ കോർപറേഷനിൽ പെൻഷൻ വിതരണവും പ്രതിസന്ധിയിലാണ്. ഇതോടെ സംസ്ഥാനത്ത് പൊതുഗതാഗതം ഗുരുതരമായ പ്രതിസന്ധിയിലേക്ക് വരുംനാളുകളിൽ നീങ്ങുമെന്ന് ഉറപ്പായി.