ചക്രവാതചുഴി ന്യൂനമർദ്ദമായേക്കും; നാളെ 11 ജില്ലകളിൽ മഴകനക്കുമെന്ന് മുന്നറിയിപ്പ്

Tuesday 26 October 2021 4:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസ‌ർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. എന്നാൽ നാളെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ ശക്തമായ മഴ മുന്നറിയിപ്പുള‌ളതിനാൽ യെല്ലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനിടെ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക മഴയുണ്ടാകും. ശനിയാഴ്‌ച വരെ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

കാലവർഷം ദക്ഷിണേന്ത്യയിൽ നിന്നും പൂർണമായും പിന്മാറുകയും തുലാവർഷം ആരംഭിക്കുകയും ചെയ്‌തതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷം കനത്ത ഇടിയോടുകൂടി ശക്തമായ മഴ പെയ്യുന്നതാണ് തുലാവർഷത്തിന്റെ രീതി. മഴക്കെടുതിയിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള‌ളപ്പൊക്കവുമുണ്ടായ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയും മലവെള‌ളപാച്ചിലുമുണ്ടാകുന്നുണ്ട്.