സഭാ തർക്കം: നിയമ പോരാട്ടം നീട്ടാൻ ശ്രമമെന്ന് ഹൈക്കോടതി

Wednesday 27 October 2021 12:16 AM IST

കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടം നീട്ടിക്കൊണ്ടു പോകാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഒത്തുതീർപ്പാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതി. സുപ്രീംകോടതി വിധിയെത്തുടർന്ന് വിവിധ പള്ളികളിൽ പ്രാർത്ഥനയും മതപരമായ ചടങ്ങും നടത്താൻ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. അവസാന നടപടിയെന്ന നിലയിലേ ദേവാലയങ്ങളിലേക്ക് പൊലീസിനെ അയയ്ക്കൂ. ദേവാലയങ്ങൾ അടച്ചിടരുതെന്നാണ് കെ.എസ്. വർഗ്ഗീസ് കേസിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. കോടതി വിശ്വാസങ്ങൾക്കെതിരല്ല. വർഗ്ഗീസ് കേസിലെ ഉത്തരവാണ് ഈ കേസുകളിൽ ബാധകം. കോടതിയുടെ മദ്ധ്യസ്ഥത വേണമെന്ന് കക്ഷികളിൽ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഒത്തുതീർപ്പിനു ശ്രമിക്കണം. തർക്കത്തിലുള്ള ഒരു വിഭാഗം ഒക്ടോബർ 15നു യോഗം ചേർന്നതായി അറിയുന്നു. ഇതിന്റെ വിവരങ്ങൾ കോടതിയിൽ അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി വിശദ വാദത്തിനായി ഹർജികൾ നവംബർ പത്തിലേക്ക് മാറ്റി.

'പിന്മാറുമെന്ന് കരുതേണ്ട"

സഭാ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്തു സംഭവിച്ചാലും പിന്മാറില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. ജഡ്ജിമാരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. മുമ്പ് ഈ കേസുകൾ കേൾക്കുന്ന ജഡ്ജിക്കെതിരെ വ്യക്തിപരമായ പരാമർശം ഉയർന്നപ്പോൾ അദ്ദേഹം പിൻമാറിയിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.

Advertisement
Advertisement