ആധാരമെഴുത്ത് ക്ഷേമനിധി ബോർഡിന്റെ ഭരണ നിർവഹണം തൊഴിലാളികൾക്ക് നൽകണം

Tuesday 26 October 2021 11:44 PM IST

തിരുവനന്തപുരം: നികുതി രജിസ്‌ട്രേഷൻ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേരിട്ടുള്ള ഭരണത്തിൽ നിന്നും ആധാരമെഴുത്ത്, മുദ്രപത്ര വെണ്ടർമാരുടെ ക്ഷേമനിധി ബോർഡിന്റെ ഭരണ നിർവഹണം തൊഴിലാളി പ്രതിനിധികൾക്ക് മാത്രമായി നൽകണമെന്ന് ഓൾ കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ. ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും മന്ത്രി വി.എൻ. വാസവനോട് അഭ്യർത്ഥിച്ചു. വഞ്ചിയൂരിലെ രജിസ്‌ട്രേഷൻ സെൻട്രൽ ഓഫീസിൽ ചുരുങ്ങിയ എണ്ണം ജീവനക്കാരുമായി വളരെ പരിമിതമായ സൗകര്യത്തിലാണ് ഇപ്പോൾ ക്ഷേമനിധി വിഭാഗം പ്രവർത്തിക്കുന്നത്. മറ്റ് വിഹിതങ്ങളില്ലാതെ സംസ്ഥാനത്തെ ആയിരക്കണക്കിന് ആധാരമെഴുത്ത് തൊഴിലാളികളുടേയും മുദ്രപത്ര വെണ്ടർമാരുടേയും വിഹിതവും വെൽഫെയർ സ്റ്റാമ്പും കൊണ്ടുമാത്രം പ്രവർത്തിക്കുന്ന ബോർഡാണ്. സമീപ ഭാവിയിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന പെൻഷൻ പദ്ധതി ഉൾപ്പെടെ ക്ഷേമ പൂർണമായ വിധം കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ബോർഡിൽ തൊഴിലാളി പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി കാലാനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് യൂണിയൻ മന്ത്രിയോട് അഭ്യർത്ഥിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കാട്ടാക്കട എസ്. വിനോദ് ചിത്ത് അദ്ധ്യക്ഷനായി. ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ, മറ്റ് ഭാരവാഹികളായ മണികണ്ഠൻ മാത്തൂർ, കാടാംകോട് എം. അംബികാദേവി, സുനിൽകുമാർ പെരുവെമ്പ്, കൃഷ്ണപുരം അനിൽകുമാർ, നേമം എ.വി. ഭാസ്‌ക്കരൻ തുടങ്ങിയവർ സംസാരിച്ചു.