ആശങ്ക മാറാതെ സ്ത്രീ സുരക്ഷ, ഐ.പി.എസുകാരിക്കും രക്ഷയില്ല

Wednesday 27 October 2021 2:36 AM IST

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിക്കു മാത്രല്ല, ഐ.പി.എസുകാരിക്കു പോലും തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് സ്ത്രീസുരക്ഷയെന്ന ആക്ഷേപം ശക്തമായി. കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിയിൽ കഴിഞ്ഞ ദിവസം 21കാരി നട്ടുച്ചയ്ക്കാണ് പത്താം ക്ലാസുകാരന്റെ ക്രൂരതയ്ക്കിരയായത്. സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപന ചുമതലയുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണത്തിനിരയായത് 2019 മേയിലായിരുന്നു.കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ചതുപ്പിൽ കൊന്നുതള്ളിയത് 2018 ഏപ്രിലിലാണ്. കൊച്ചിയിലെ ഹൈപ്പർമാർക്കറ്റിൽ യുവനടിയെ അപമാനിച്ചത് അടുത്തിടെയാണ്.

സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടും ആവശ്യത്തിലേറെ പദ്ധതികളുമുണ്ടെങ്കിലും ഫലം കാണുന്നില്ല.

സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കൽ രാത്രിനടത്തം- ഇങ്ങനെ മേനി നടിക്കുന്നതിൽ ഒതുങ്ങി സ്ത്രീസുരക്ഷ.

പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ സ്ത്രീസുരക്ഷാ പദ്ധതികളേറെയുണ്ടെങ്കിലും ഫലപ്രദമല്ല. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പിങ്ക് പട്രോളും 1515 ടോൾഫ്രീയിലെ അടിയന്തര സഹായവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇവയ്ക്കായി

10കാറുകൾ, ബുള്ള​റ്റ് ഉൾപ്പെടെ 40ഇരുചക്രവാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവ ആഘോഷമായി പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം നൽകാനുള്ള പദ്ധതിയും പാളി.

സ്ത്രീസുരക്ഷാ പദ്ധതിയായ 'സുരക്ഷിത' നടപ്പാക്കിയ ചവറ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവം ഇങ്ങനെ- രാത്രിയിൽ അഭയം നൽകാൻ പിങ്ക്പൊലീസ് കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയെ പൊലീസുകാർ പുറത്താക്കി. സ്റ്റേഷന്റെ ഗ്രില്ല് പൂട്ടി. ദേശീയപാതയിൽ വാഹനങ്ങൾക്കിടയിലൂടെ ആ സ്ത്രീ ഓടി. നൈറ്റ്പട്രോളുകാർ അവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും പൂട്ടുതുറന്നില്ല. ഒടുവിൽ അവരെ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലെത്തിച്ച് സംഭവം ഒതുക്കിതീർത്തു.

പദ്ധതിക്ക് പഞ്ഞമില്ല

#രക്ഷാ ആപ്പ്

അപകടസാഹചര്യത്തിൽ ഫോണിലെ പാനിക് ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിൽ അപകടസന്ദേശം ലഭിക്കുന്ന ആപ്പ്.

#പൊലീസ് അ​റ്റ് യുവർ കോൾ

അടിയന്തര സാഹചര്യത്തിൽ പൊലീസ് സഹായം ലഭിക്കാനും സ്റ്റേഷനുകളിലേക്കുള്ള വഴി കണ്ടെത്താനും സഹായിക്കുന്ന ആപ്ലിക്കേഷൻ.

#കെയർലൈഫ്

രണ്ടു തവണ 'ഹെൽപ്' എന്നു പറഞ്ഞാൽ പൊലീസിന് അപായ സൂചന നൽകുന്ന ആപ്ലിക്കേഷൻ. ഇന്റർനെ​റ്റ് വേണ്ട.

#നിർഭയം ആപ്പ്

സ്ത്രീസുരക്ഷ വിരൽത്തുമ്പിലാക്കാൻ പൊലീസ് നടപ്പാക്കിയ ആപ്പ്. ഒരുവർഷമായിട്ടും ഉപയോഗിക്കുന്നവർ കുറവ്.

Advertisement
Advertisement