വലയിൽ കുടുങ്ങിയത് ഒറ്റമീൻ, വിറ്റപ്പോൾ കിട്ടിയത് 36 ലക്ഷം  രൂപ, കാണാം വീഡിയോ

Wednesday 27 October 2021 11:22 AM IST

കൊൽക്കത്ത: വലയിൽ കുടുങ്ങിയത് ഒറ്റമീൻ. അത് ലേലത്തിൽ വച്ചപ്പോൾ കിട്ടിയതാകട്ടെ 36 ലക്ഷം രൂപയും. പശ്ചിമ ബംഗാളിൽ സുന്ദര്‍ബനിലെ മത്സ്യത്തൊഴിലാളികളാണ് ഒരു മീൻ കിട്ടിതോടെ ലക്ഷാധിപതികളായത്.

വെള്ളിയാഴ്ച കോപുര നദിയില്‍ മീൻ പിടിക്കുകയായിരുന്നു വികാസ് ബര്‍മാനും കൂട്ടരും. ആദ്യം കാര്യമായൊന്നും കിട്ടിയില്ല. അതിന്റെ നിരാശയിലിരിക്കുമ്പോഴാണ് 78 കിലോയുള്ള ടെലിയ ഭോല ഇനത്തിലെ മീൻ വലയിൽ കുടുങ്ങിയത്. ഏറെ നേരത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് വികാസും സംഘവും മീനിനെ കരയ്‌ക്കെത്തിച്ചത്. അപ്പോഴാണ് തങ്ങൾക്ക് കിട്ടിയത് ഔഷധഗുണങ്ങളുള്ള ഭാേലയാണെന്ന് അവർ വ്യക്തമായി മനസിലാക്കിയത്. വിവരമറിഞ്ഞതോടെ ലേലത്തിൽ പിടിക്കാൻ ആൾക്കാരുടെ ഒഴുക്കായി. വിവിധതരം മരുന്നുകൾ നിർമ്മിക്കാനാണ് ഭോല മീനുകളെ സാധാരണ ഉപയോഗിക്കുന്നത്. കഴിക്കാനും ഏറെ രുചികരമാണ്.

മീനിന് ഏകേദേശം 7 അടി നീളമുണ്ടായിരുന്നു. കിലോക്ക് 49,300 രൂപക്കാണ് വിറ്റത്. കൊൽക്കത്തയിലെ ഒരു സംഘടനയാണ് മോഹവില നൽകി മീൻ മുഴുവൻ സ്വന്തമാക്കിയത്. മിക്കപ്പോഴും ഭോല മീനെ പിടിക്കാറുണ്ടെങ്കിലും ഇത്രതും വലിപ്പമുള്ള ഒന്ന് വലയിൽ കുടുങ്ങുന്നത് ആദ്യമാണെന്നാണ് വികാസ് പറയുന്നത്.