അഗ്നിരക്ഷാ സേനായൂണിറ്റ് ഓഫീസിന് മുമ്പിൽ അനധികൃത പാർക്കിംഗ്
കോന്നി: അഗ്നിരക്ഷാസേനാ യൂണിറ്റ് സ്റ്റേഷന് മുമ്പിലെ അനധികൃത പാർക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. അഗ്നിരക്ഷാ സേനാ ഓഫീസ് മുതൽ പി.ഡബ്ളു.ഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിനു മുമ്പിലെ റോഡിൽ വരെയാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പൊലീസ് കേസുകളിൽ അകപ്പെടുന്ന ലോറി, ബസ്, കാർ, ജീപ്പ്, ഇരുചക്രവാഹനങ്ങൾ എന്നിവയെല്ലാം അഗ്നിരക്ഷാ സേനാ യൂണിറ്റ് സ്റ്റേഷൻ യൂണിറ്റിന്റെ മുമ്പിലെ റോഡിൽ ഇടുന്നത് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൂടാതെ ടൗണിലെത്തുന്ന സ്വകാര്യ വാഹങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പലപ്പോഴുംഅഗ്നിരക്ഷാ സേനാ യൂണിറ്റ് സ്റ്റേഷനിലെ വലിയ വാഹനങ്ങൾ റോഡിലേക്കിറക്കാനും, തിരികെ കയറ്റാനും കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇവിടെ വാഹങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പലപ്പോഴും സ്വകാര്യ വാഹനങ്ങളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. പതിവായി അപകടങ്ങളുണ്ടാകുന്ന സ്ഥലം കൂടിയാണ് അഗ്നിരക്ഷാ സേനാ യൂണിറ്റ് സ്റ്റേഷന് സമീപവും, പി.ഡബ്ലിയു.ഡി ഓഫീസിനും ഇടയിലുള്ള വളവും. ഇവിടെ വഴിവാണിഭ കച്ചവടങ്ങളും നടക്കുന്നുണ്ട്. രാത്രികാലങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. വിവിധ കേസുകളിൽ അകപ്പെട്ട വാഹനങ്ങൾ കേസിന്റെ നടപടികൾ പൂർത്തിയാവുന്നതു വരെ റോഡരികിൽ കിടക്കുന്നത് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.