ചന്ദനപ്പള്ളി പാലം പണി​ വൈകുന്നു, മറുകര കടക്കാം കമുകിൻ തടിയി​ലൂടെ

Thursday 28 October 2021 12:06 AM IST
കമുകിൻ തടിയിൽ തീർത്ത പാലം

കൊടുമൺ : ആനയടി - കൂടൽ റോഡിലെ ചന്ദനപ്പള്ളി പാലം പൊളിച്ചിട്ട് ഒരു വർഷമായി. ഇപ്പോൾ തോടിന് കുറുകെയിട്ട കമുകിൻ തടികളിൽ ചവിട്ടിയാണ് ആളുകൾ ഇരുകരകളിലേക്കും കടക്കുന്നത്. ഇത് ഏതു നിമിഷവും ഒടിഞ്ഞ് തോട്ടിൽ വീഴാവുന്ന നിലയിലുമാണ്. അതേസമയം പാലം പണി വേഗത്തിലാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമില്ല. സ്‌കൂൾ കൂടി തുറന്നാൽ വിദ്യാർത്ഥികൾക്കും തടിപ്പാലമാണ് ആശ്രയം. ഇപ്പോൾ പ്രായമുള്ള ആളുകൾ ചന്ദനപ്പള്ളി ജംഗ്ഷനിലെക്ക് പോകുന്നത് വളരെയധികം ബുദ്ധിമുട്ടിയാണ്. തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടാൽ ആരും ഭയന്നു പോകും. പാലം പണി തുടങ്ങിയ നാൾ മുതൽ ഇവിടുത്തെ കർഷകരും ദുരിതമനുഭവിക്കുകയാണ്. പണിക്കായി തോട് മുറിച്ചതോടെ പാടത്ത് വെള്ളം കയറി.
നിർമ്മാണത്തിന് തടസം ഉണ്ടാകാതിരിക്കാൻ തോട്ടിലെ ഒഴുക്ക് കുറയ്ക്കാൻ താൽക്കാലിക തടയണ നിർമ്മിച്ച് വെള്ളം വഴിതിരിച്ചുവിടുകയായിരുന്നു.

കനത്ത മഴയിൽ തോട്ടിൽ ഒഴുക്ക് കൂടിയതോടെ വിഷമിക്കുകയാണ് കർഷകർ. അശാസ്ത്രീയമായ നിർമാണ രീതിയാണ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. തോടിനോട് ചേർന്ന ഏലായിൽ കൃഷി ചെയ്യുവാനുഉള്ള സാഹചര്യം ഇല്ലാതായി.

കുട്ടികൾ എങ്ങനെ പോകും

സ്‌കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് എങ്ങനെ യാത്രാസൗകര്യം ഒരുക്കും എന്നതാണ് രക്ഷിതാക്കളുടെ ആശങ്ക. അങ്ങാടിക്കൽ തെക്ക്, വടക്ക്, ചന്ദനപ്പള്ളി പ്രദേശങ്ങളിൽ ഉള്ളവർക്ക് ചന്ദനപ്പള്ളി, കൊടുമൺ ജംഗ്ഷനിൽ എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട ഗതികേടാണുള്ളത്. അങ്ങാടിക്കൽ എസ്.എൻ.വി സ്‌കൂൾ, കൈപ്പട്ടൂർ ഗവ. സ്‌കൂൾ, കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂൾ, ചന്ദനപ്പള്ളി ഗവ. എൽ.പി സ്‌കൂൾ, അങ്ങാടിക്കൽ വടക്ക് ഗവ. എൽ.പി സ്‌കൂൾ , ചന്ദനപ്പള്ളി റോസ് ഡയ്ൽ സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പാലമാണ് ആശ്രയം. ചന്ദനപ്പള്ളി പി. എച്ച്. സിയിൽ പോകുന്ന രോഗികളും ഏറെ വലയുകയാണ്. ആനയടി – കൂടൽ റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് പാലം പുതുക്കിപ്പണിയുന്നത്.

കോൺഗ്രസ് ധർണ്ണ നടത്തി

പാലം പണി ഇഴയുന്നതിൽ പ്രതിഷധിച്ച് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കൽ വടക്ക് അന്തിച്ചന്ത ജംഗ്ഷനിൽ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജി.ജോയി അദ്ധ്യക്ഷത വഹിച്ചു. ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ,ഐക്കര ഉണ്ണികൃഷ്ണൻ , അജികുമാർ രണ്ടാം കുറ്റി, എ.വിജയൻ നായർ, സുരേഷ് മുല്ലൂർ, പ്രകാശ് ടി. ജോൺ ,ജോർജ്ജ് ബാബുജി , അജേഷ് കുമാർ, വി.ആർ.ജിതേഷ് കുമാർ, ജോസ് പള്ളിവാതുക്കൽ, ജോസ് പാണൂർ, ഡി.കുഞ്ഞുമോൻ എന്നി​വർ സംസാരിച്ചു.

Advertisement
Advertisement