തെന്മല പൊലീസ് സ്റ്റേഷനിലെ മർദ്ദനം: എ.ഡി.ജി.പി റിപ്പോർട്ട് നൽകാൻ നിർദ്ദേശം

Thursday 28 October 2021 12:10 AM IST

കൊച്ചി: കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് സ്വദേശിയായ ദളിത് യുവാവ് രാജീവിന് മർദ്ദനമേറ്റ സംഭവത്തെത്തുടർന്നുള്ള അന്വേഷണങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി എ.ഡി.ജി.പി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജീവിന്റെ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. ഹർജിക്കാരൻ നേരിട്ട ഭയാനക സാഹചര്യം വെളിവാക്കുന്നതാണ് പരാതിയെന്നും വൈകാതെ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു ബന്ധു ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി നൽകാൻ ഫെബ്രുവരി മൂന്നിന് സ്റ്റേഷനിലെത്തിയപ്പോഴാണ് രാജീവിന് മർദ്ദനമേറ്റത്. രസീത് ചോദിച്ച തന്നെ സി.ഐ വിശ്വംഭരൻ വിലങ്ങിട്ടു പൂട്ടി മർദ്ദിച്ചെന്നാണ് ആരോപണം. പിന്നീട് ഇയാളെ വിട്ടയച്ചെങ്കിലും ഡ്യൂട്ടി തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി തൊട്ടടുത്ത ദിവസം എസ്.ഐ ശാലുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. സംഭവത്തെത്തുടർന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഡിവൈ.എസ്.പി അന്വേഷണം നടത്തി സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഡി.ജി.പിക്ക് വേണ്ടി എ.ഡി.ജി.പി വിജയ് സാഖറെ നൽകിയ റിപ്പോർട്ടിൽ സി.ഐ വിശ്വംഭരനെ സസ്പെൻഡ് ചെയ്തെന്നും എസ്.ഐ ശാലുവിനെ താക്കീത് ചെയ്തെന്നും അറിയിച്ചു. ഡ്യൂട്ടി ത‌ടസപ്പെടുത്തിയതിന് രാജീവിനെതിരെയുള്ള കേസിലും സി.ഐക്കെതിരായ റിപ്പോർട്ടിലും അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement