ആര്യാ രാജേന്ദ്രനെ വിമർശിച്ച് പ്രതിപക്ഷം; തേജോവധത്തിൽ ഉരുകുന്ന വെണ്ണയല്ല മേയറെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

Thursday 28 October 2021 12:14 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നിയമസഭയിലും വിമർശനമുയർത്തി പ്രതിപക്ഷം. എം. വിൻസെന്റ് എം.എൽ.എയുടെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന്റെ ചർച്ചയ്ക്കിടയിലാണ് മേയർ വിഷയം കടന്നുവന്നത്. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധക്കുറവുമുണ്ടെന്ന് എം. വിൻസെന്റ് കുറ്റപ്പെടുത്തി. മേയറുടെ പ്രായത്തേക്കാൾ പ്രവർത്തന പാരമ്പര്യമുള്ളവരാണ് നഗരസഭയ്ക്ക് മുന്നിൽ സമരമിരിക്കുന്നുത്. സാധാരണ പ്രതിപക്ഷത്തുള്ളവ‌ർ സമരമിരുന്നാൽ മേയർ അവരെ പോയി സന്ദർശിക്കുകയാണ് പതിവെന്നും എന്നാൽ ഇവിടെ സമരപ്പന്തലിന് മുന്നിൽ വിലയ ടി.വി സ്ഥാപിച്ച് തന്റെ പ്രഭാഷണം പൊതുജനത്തെ കാണിക്കുകയാണ് മേയർ ചെയ്യുന്നതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

ചെറുപ്പക്കാരിയെ മേയർ ആക്കിയതിലൂടെ രാജ്യത്തിന് അഭിമാനമായതാണ് തിരുവനന്തപുരം നഗരസഭയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ തിരിച്ചടിച്ചു. ഇത് പലർക്കും സഹിക്കുന്നില്ലെന്നും അതാണ് വ്യക്തിപരമായി തേജോവധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്തുവെന്ന് കരുതി ഉരുകിപ്പോകുന്ന വെണ്ണയൊന്നുമല്ല മേയറെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ ഇരുപക്ഷവും ബി.ജെ.പിയെ കുറ്രപ്പെടുത്തി. നഗരസഭാ വിഷയത്തിൽ ബി.ജെ.പിയുടെ സമരം തട്ടിപ്പാണ്. നികുതി വരുമാനത്തെക്കുറിച്ചുൾപ്പെടെ പരിശോധിക്കേണ്ട ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽപ്പെട്ടവരാണ് അവർ. അതുചെയ്യാതെ അവർ നടത്തുന്ന സമരം ആത്മാർത്ഥതയില്ലാത്തതാണെന്നും വിൻസെന്റ് എം.എൽ.എ കുറ്റപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ പിടിച്ചെടുക്കാൻ കോടികളുമായി ഇറങ്ങിയവരാണ് ബി.ജെ.പിക്കാരെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. കാർഗിൽ യുദ്ധത്തിന് പോകുന്നുവെന്നാണ് അവർ അന്ന് പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മല എലിയെ പ്രസവിച്ചതുപോലെയായി. ബി.ജെ.പിയുടെ സമരാഭാസത്തിനൊപ്പം യു.ഡി.എഫ് കൂടരുതെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു.