പൊലീസ് ചട്ട ഭേദഗതി സഭയെ അറിയിച്ചില്ല, അന്വേഷണത്തിന് സ്പീക്കറുടെ നിർദ്ദേശം

Thursday 28 October 2021 12:22 AM IST

 ചീഫ് സെക്രട്ടറി പരിശോധിക്കണമെന്ന് റൂളിംഗ്

തിരുവനന്തപുരം: പൊലീസ് ചട്ടങ്ങളുടെ ഭേദഗതി വിജ്ഞാപനം നിയമസഭയെ അറിയിക്കാത്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ എം.ബി.രാജേഷ് നിർദ്ദേശിച്ചു. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. ഇൗ വർഷം ജൂൺ ഒന്നിനും ജൂലായ് 23നും വിഷയം പരിഗണിച്ചെങ്കിലും ഇത് സഭയുടെ മേശപ്പുറത്ത് വച്ചില്ല. ഇക്കാര്യങ്ങളിൽ വ്യക്തമായ സഭാ നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരു അവ്യക്തതയും വിഷയത്തിൽ ഉണ്ടാകേണ്ട കാര്യമില്ല. സഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ട രേഖകൾ യഥാസമയം വയ്ക്കുന്നില്ലെന്ന പരാതികൾ ആവർത്തിച്ച് ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി തലത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കണമെന്നും സ്പീക്കർ റൂളിംഗ് നൽകി. കഴിഞ്ഞവർഷം മേയ് 25ന് വിജ്ഞാപനം ചെയ്ത ഭേദഗതി ചട്ടങ്ങൾ ഇതുവരെ സഭയുടെ മേശപ്പുറത്തു വച്ചില്ലെന്നും ഇത് അംഗങ്ങളുടെയും സഭയുടെയും അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. കൊവിഡ് കാരണം സഭാ സമ്മേളനങ്ങൾ നടക്കാതിരുന്നതിനാലും സബ്ജക്ട് കമ്മിറ്റിയുടെ സാധൂകരണം ലഭ്യമാവാത്ത സാഹചര്യത്തിലുമാണ് ഇത് സഭയുടെ മേശപ്പുറത്തു വയ്ക്കാതിരുന്നതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് അറിയിച്ചു. എന്നാൽ ഇൗ വാദം നിലനിൽക്കുന്നതല്ലെന്ന് സ്പീക്കർ വ്യക്തമാക്കി.