കേന്ദ്ര സമിതി വേണ്ട , പെഗസസ് അന്വേഷിക്കാൻ സുപ്രീംകോടതി സമിതി

Thursday 28 October 2021 12:00 AM IST

സമിതി മേൽനോട്ടം മുൻ ജസ്റ്റിസ് ആർ.വി. രവീന്ദ്രന്

ന്യൂഡൽഹി: ഇസ്രയേലിന്റെ പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ പൗരന്മാരുടെ ഫോൺ ചോർത്തിയെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. സമിതിയെ നിയമിക്കാമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം നിരസിച്ചാണ് ചീഫ് ജസ്റ്റിസ് എൻ. വി. രമണ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി.

കേന്ദ്ര സമിതിയെ അനുവദിച്ചാൽ പക്ഷപാതത്തിനെതിരായ ജുഡിഷ്യൽ തത്വങ്ങളുടെ ലംഘനമാകും. നീതി നടപ്പാക്കുക മാത്രമല്ല, നീതി നടപ്പാക്കിയതായി

ബോദ്ധ്യമാവുകയും വേണം - ജസ്റ്റിസ്‌മാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരും

ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. സമിതി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. എട്ടാഴ്ചയ്‌ക്കു ശേഷം വീണ്ടും വാദം കേൾക്കും. പെഗസസ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമ പ്രവർത്തകരായ എൻ. റാം, ശശികുമാർ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.

ആ ഉമ്മാക്കി കണ്ട് ഭയക്കില്ല

ഫോൺ ചോർത്തലിന് രാജ്യസുരക്ഷയുടെ മറ നൽകി ആരോപണങ്ങളിൽ നിന്ന് വഴുതി മാറാൻ ശ്രമിച്ച കേന്ദ്രത്തെ കോടതി കുടഞ്ഞു. സ്വതന്ത്ര സമൂഹത്തിന് വിനാശകരമായ ശക്തികളെപ്പറ്റി ജോർജ് ഓർവെൽ ആശങ്കപ്പെട്ടതു പോലെ, പെഗസസെന്ന സർവവ്യാപിയായ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ആശങ്കയാണ് ഹർജിക്കാർക്കുള്ളത്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയായി രഹസ്യ നിരീക്ഷണവും, അതിനു പിന്നിൽ ഗവൺമെന്റോ വിദേശ ശക്തികളോ ആണെന്ന ആരോപണവും ഉയരുകയും ചെയ്യുമ്പോൾ കോടതിക്കു മാറിനിൽക്കാനാവില്ല.

സർക്കാർ പെഗസസ് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചിട്ടില്ല. ഭീകര പ്രവർത്തനം തടയാനേ സ്വകാര്യതയിൽ വിട്ടുവീഴ്ച പറ്റൂ. ദേശീയ സുരക്ഷയെന്ന ഭൂതത്തെക്കാട്ടി കേന്ദ്രത്തിന് രക്ഷപ്പെടാനാവില്ല - ചീഫ്ജസ്റ്റിസ് രമണ പറഞ്ഞു.

 വിദഗ്ദധ സമിതി

സുപ്രീംകോടതി റിട്ട. ജസ്റ്റീസ് ആർ.വി രവീന്ദ്രൻ
അലോക് ജോഷി ( മുൻ ഐ.പി.എസ്. ഓഫീസർ)
ഡോ. സുദീപ് ഒബ്‌റോയി ( സബ്കമ്മിറ്റി ചെയർമാൻ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഒഫ് സ്റ്റാൻഡേർഡൈസേഷൻ)

സാങ്കേതിക സമിതി

ഡോ. നവീൻ കുമാർ ചൗധരി (ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാല ഡീൻ )

ഡോ. പി. പ്രഭാഹരൻ (കൊല്ലം അമൃത വിശ്വ വിദ്യാപീഠം സ്‌കൂൾ ഓഫ് എൻജിനീയറിംഗ്)

ഡോ. അശ്വിൻ അനിൽ ഗുമസ്‌തേ (അസോ. പ്രൊഫസർ ,മുംബയ് ഐ.ഐ.ടി )

വിധി നിർണായക ചുവടുവയ്പ്. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും സമിതി അഭിപ്രായങ്ങൾ ക്ഷണിക്കണം
-സി.പി.എം പോളിറ്റ് ബ്യുറോ

ഫോൺ ചോർത്തൽ മോദി സർക്കാരിന്റെ വാട്ടർ ഗേറ്റായേക്കും.
-ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി

Advertisement
Advertisement