ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക്, മൂന്നെണ്ണം സബ്ജക്ട് കമ്മിറ്റിക്ക്

Wednesday 27 October 2021 11:56 PM IST

തിരുവനന്തപുരം: പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും നിലവിലുള്ള ആക്ടുകളിലെ വിവിധ വ്യവസ്ഥകളെ ഏകീകരിച്ചും കാലോചിതമായ ഇടപെടൽ ലക്ഷ്യമിടുന്ന കേരള പൊതുജനാരോഗ്യ ബിൽ നിയമസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്‌ട്രേഷനും നിയന്ത്രണവും (ഭേദഗതി) ബിൽ, കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന് കീഴിലുള്ള സർവീസുകളെ സംബന്ധിച്ച് കൂടുതൽ ചുമതലകൾ) ബിൽ എന്നിവ സബ്ജക്ട് കമ്മിറ്റിക്കും വിട്ടു. പി.എസ്.സി ബിൽ മന്ത്രി വി.അബ്ദുറഹിമാനും മറ്റുള്ളവ മന്ത്രി വീണാ ജോർജുമാണ് അവതരിപ്പിച്ചത്. മോഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങളിലെ യോഗ്യതകളും രജിസ്‌ട്രേഷനും സംബന്ധിച്ച വ്യവസ്ഥകളാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലിലുള്ളത്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ താത്കാലിക രജിസ്‌ട്രേഷൻ സമയം ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ളതാണ് ക്ലിനിക്കൽ ബിൽ. വഖഫ് ബോർഡിലെ ഭരണപരമായ സർവീസുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങൾ പി.എസ്.സി മുഖേന നടത്തുന്നതിനുള്ള ഭേദഗതിയാണ് ഇതുസംബന്ധിച്ച ബിൽ.

Advertisement
Advertisement