പൂക്കളിലൊരുക്കിയ ഗുരുദേവ ചിത്രത്തിന് ലോകറെക്കാഡ്

Thursday 28 October 2021 12:20 AM IST
ഗുരുവിന്റെ പൂ കൊണ്ട് നിർമ്മിച്ച ചിത്രത്തിന് ലഭിച്ച ലോക റെക്കാഡ് ഷീബ വേണുഗോപാൽ ഡാവിഞ്ചി സുരേഷിന് കൈമാറുന്നു

കൊടുങ്ങല്ലൂർ: പൂക്കൾ കൊണ്ടൊരുക്കിയ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രത്തിന് ലോക റെക്കാഡ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ ആശയവും ആവിഷ്‌കാരവുമാണ് ലോക ശ്രദ്ധ നേടിയത്.

ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ 60 അടി വലിപ്പമുള്ള ചിത്രം, പൂ കൊണ്ടുള്ള വലിയ ഛായാചിത്രമെന്ന വിഭാഗത്തിലാണ് റെക്കാഡ് നേടിയത്. വിദേശത്തേക്ക് പോകുന്ന ഡാവിഞ്ചി സുരേഷിന്റെ വസതിയിലെത്തി യൂണിയൻ ഭാരവാഹികൾ ലോക റെക്കാഡ് കൈമാറി.

ഗുരുഭക്തനായ കണ്ണകി ഫ്‌ളവേഴ്‌സ് ഉടമ ഗിരീഷാണ് ഒരു ടൺ പൂക്കൾ സംഭാവനയായി നൽകിയത്. കൊടുങ്ങല്ലൂർ കായൽ തീരത്തുള്ള കേബീസ് ദർബാർ കൺവെൻഷൻ സെന്റർ ഉടമ മുഹമ്മദ്‌ നസീർ (ബാബു) മൂന്ന് ദിവസം ഇതിനായി സ്ഥലസൗകര്യം നൽകി. കണ്ണകി ഫ്‌ളവേഴ്‌സ്, കേബീസ് ദർബാർ ഉടമകളെയും മീഡിയാ പാർട്ണറായ ചാനൽ മലയാളം കമ്പനിയെയും യു.ആർ.എഫ് റെക്കാഡ് ഫോറം പ്രത്യേക സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു. അനുമോദന സമ്മേളനം യോഗം കൗൺസിലറും വനിതാ സംഘം സംസ്ഥാന ചെയർപേഴ്‌സണുമായ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലറും പ്രോഗ്രാം കോഓർഡിനേറ്ററുമായ ബേബി റാം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ,​ യൂണിയൻ സെകട്ടറി പി.കെ. രവീന്ദ്രൻ,​ യോഗം ഡയറക്ടർ ബോർഡ് അംഗം ഡിൽഷൻ കൊട്ടെക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.