വയലാർ അവാർഡ് ബെന്യാമിന് സമ്മാനിച്ചു

Thursday 28 October 2021 12:23 AM IST

തിരുവനന്തപുരം: 45-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് നോവലിസ്റ്റ് ബെന്യാമിന് സമ്മാനിച്ചു. നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് സമർപ്പണം നടത്തിയത്.

'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ" എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... എന്ന ഗാനത്തിലൂടെ പുതിയ കാലത്തെ മുമ്പേ നിർവചിച്ച മഹാനായ എഴുത്തുകാരന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ മുന്നോട്ടു നടക്കാനുള്ള ധീരത ഉള്ളിൽ ശക്തമാകുകയാണെന്ന് ബെന്യാമിൻ പറഞ്ഞു. വയലാറിന്റെ വരികൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വയലാറിന്റെ പേരിലുള്ള അവാർഡിന് തികച്ചും അർഹനായ എഴുത്തുകാരനാണ് ബെന്യാമിനെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് അംഗവും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ പ്രശസ്തി പത്രം സമ്മാനിച്ചു. സെക്രട്ടറി സി.വി. ത്രിവിക്രമൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ. ജി. ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സതീശൻ എന്നിവർ പങ്കെടുത്തു.
ചൈന്നൈ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ഒന്നാം ഭാഷയായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് വിജയിച്ച വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് വിതരണവും നടന്നു.

Advertisement
Advertisement