ഹരികൃഷ്ണയുടെ കാൻവാസിൽ ഉറുമ്പുകൾ ഉറങ്ങാറില്ല!

Thursday 28 October 2021 1:13 AM IST
ചിത്രകാരൻ ഹരികൃഷ്ണ ജനാർദ്ദന തന്റെ ചിത്രത്തിനരികിൽ

 വേറിട്ട വരകൾക്ക് ദേശീയ അംഗീകാരം

കൊല്ലം: യാത്രയിൽ കാണുന്ന കാഴ്ചകൾ കാൻവാസിൽ പതിഞ്ഞാൽപ്പിന്നെ ഉറുമ്പുകൾക്കും ചിതലുകൾക്കുമൊക്കെ അവയിൽ അവകാശമുണ്ടെന്നാണ് ചിത്രകാരനായ ഹരികൃഷ്ണ ജനാർദ്ദനയുടെ പക്ഷം. ഒട്ടുമിക്ക ചിത്രങ്ങളിലും ഉറുമ്പിന്റെ സാന്നിദ്ധ്യവുമുണ്ടാവും. യാത്രകളൊക്കെ വരകളാക്കി മാറ്റിയ ഈ ചിത്രകാരന്റെ കഴിവിന് ദേശീയതലത്തിൽ ലഭിച്ച അംഗീകാരം തിളക്കമിരട്ടിയാക്കി.

സിംഗപ്പൂർ നേവൽ ബേസിൽ ജീവനക്കാരനായിരുന്ന കൊല്ലം മയ്യനാട് 'ചില്ല'യിൽ മുളയ്ക്കൽ ജനാർദ്ദനൻ പിള്ളയുടെയും അദ്ധ്യാപിക വാളത്തുംഗൽ കോടിയാട്ട് ഗോമതിയമ്മയുടെയും മകനാണ് ഹരികൃഷ്ണ ജനാർദ്ദന. വരകളിലെ വ്യതസ്തതകളിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണ 40 വയസിനു മുകളിലുള്ള ചിത്രകാരൻമാർക്ക് ഡൽഹി സെന്റർ ഫോർ റിസോഴ്‌സസ് ആൻഡ് ട്രെയിനിംഗ് നൽകുന്ന ഫെലോഷിപ്പിനാണ് അർഹനായത്. ദക്ഷിണേന്ത്യയിൽ നിന്ന് ഈ ഫെലോഷിപ്പിന് അർഹനായ ഏക ചിത്രകാരനാണ് ഹരികൃഷ്ണ.

അപ്ളൈഡ് ആർട്സിൽ ഡിസ്റ്റിംഗ്ഷനോടെ ബിരുദാനന്തരബിരുദം നേടിയശേഷം എൻജിനീയറിംഗ് കോളേജുകളിലും വിദ്യാലയങ്ങളിലുമൊക്കെ ജോലി ലഭിച്ചെങ്കിലും ഉള്ളിലെ കലാകാരനെ ജോലിസ്ഥലത്തു മാത്രമായി ഒതുക്കിനിറുത്താൻ മനസ് അനുവദിച്ചില്ല. പിന്നീട് നീണ്ട യാത്രകളുടെ തുടക്കമായി. ഊട്ടിയിലെ ആദിവാസി ജീവിതവും തിരുവില്വാമലയിലെ ഇറക്കവും മൂങ്ങകളും ഇരട്ടവാലൻ കിളിയും ഒച്ചുകളും ചിത്രങ്ങളായി കാൻവാസുകളിൽ നിറഞ്ഞു. മനുഷ്യരേക്കാൾ മറ്റു ജീവജാലങ്ങൾക്കായിരുന്നു മുൻഗണന. ഒരിക്കൽ ഊട്ടി സന്ദർശിച്ചപ്പോൾ എലിവിഷം കഴിച്ച് ഒരു പുലി ചത്ത കാഴ്ച ഏറെ വേദനിപ്പിച്ചു. അതും പിന്നീടൊരു നൊമ്പരചിത്രമായി മാറി. പുറമേ ചിരിച്ചുകാട്ടി മനസിൽ ദുഷ്ടത കൊണ്ടുനടക്കുന്നവരെ ചിത്രീകരിച്ചത് 'മുഖംമൂടികളുടെ ലോകം' എന്ന പ്രമേയത്തിൽ 'അഹം' എന്ന സീരീസിലൂടെ ആയിരുന്നു. അതായിരുന്നു ആദ്യ സോളോ പ്രദർശനവും. പിന്നീട് ആത്മം, യാനം, കർമ്മ, ആ മരം ഈ മരം എന്നിങ്ങനെ അഞ്ച് സോളോ സീരീസുകൾ. തവിട്ട് നിറത്തോടാണ് കൂടുതലിഷ്ടം. ഒടുവിൽ വരച്ച ചിത്രമായ ഫോർബിഡൻ കിസസ് (വിലക്കപ്പെട്ട ചുംബനങ്ങൾ) എന്ന ചിത്രത്തിൽ ഉറുമ്പുകൾക്കും ഒച്ചിനുമൊപ്പം കൊറോണയും കഥാപാത്രമായി.

 ഭാര്യയുടെ പേര് 'കല'!

ലളിതകലാ അക്കാഡമി പുരസ്കാരം, ദേശീയ യുവ ആർട്ടിസ്റ്റ് സ്‌കോളർഷിപ്പ്, നാഷണൽ ലളിതകല അക്കാഡമി സ്കോളർഷിപ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ഹരികൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചിത്രകലയിലുള്ള തന്റെ അഭിരുചിയെ വളർത്തുന്നതിൽ മാതാപിതാക്കൾ വലിയ പങ്കുവഹിച്ചതായി ഹരികൃഷ്ണ പറയുന്നു. ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിന് അവിവാഹിതനായ അദ്ദേഹത്തിന്റെ പുഞ്ചിരി കലർന്ന മറുപടി . 'അവളുടെ പേര് കല, ദേ ഇരിക്കുന്നു...' ചുവരിൽ തൂക്കിയിട്ടിരിക്കുന്ന തന്റെ ചിത്രങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ഹരികൃഷ്ണ പറഞ്ഞു.

...................................

ഫെലോഷിപ്പിന്റെ ഭാഗമായി കേരളത്തിലെ കാവുകളും കുളങ്ങളും ആദിവാസി ജീവിതങ്ങളും ചിത്രങ്ങളാക്കണം. എന്റെ കവിതകളും ചിത്രങ്ങളുമൊക്കെ പുസ്തകരൂപത്തിലാക്കണം. അതിനായി പ്രകൃതിയെ അറിഞ്ഞ് യാത്രകൾ തുടരണം. അവയെ വരകളാക്കണം

ഹരികൃഷ്ണ ജനാർദ്ദന

Advertisement
Advertisement