സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഇനി ഓൺലൈൻ കച്ചവടവും

Thursday 28 October 2021 3:22 AM IST

തിരുവനന്തപുരം: സപ്ലൈകോയുടെ 500 സൂപ്പർമാർക്കറ്റുകളിൽ അടുത്ത മാർച്ചോടെ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. ഇതിന് മുന്നോടിയായി തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. ഓൺലൈൻ പേമെന്റ് സംവിധാനവും നടപ്പാക്കും. സൂപ്പർ മാർക്കറ്റുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. നിലവിൽ 175 വില്പനശാലകളിൽ ഗൃഹോപകരണ വില്പനയുണ്ട്. തവണവ്യവസ്ഥയിലും ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ ലഭ്യമാക്കും.

ബസുകളും മാവേലി സ്റ്റോറാകും

കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റംവരുത്തി മൊബൈൽ മാവേലി യൂണിറ്റുകൾ ആരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നിലവിൽ 21 മൊബൈൽ യൂണിറ്റുകളുണ്ട്. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തപ്പോൾ മാവേലിസ്റ്റോറുകളിൽ വില്പന കുറവായിരുന്നു. ഇപ്പോൾ മെച്ചപ്പെട്ടു.

സപ്ലൈകോയിൽ സ്റ്റോക്ക്, പർച്ചേസ്, സെയിൽസ് എന്നിവ നിരീക്ഷിക്കാൻ ഏപ്രിലോടെ കേന്ദ്രീകൃത സംവിധാനം ഒരുക്കും. കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാനായി മാവേലി സ്റ്റോറുകളെ മാറ്റും. മഴക്കെടുതിയിൽ എട്ട് സപ്ലൈകോ ഔട്ട്ലെറ്റുകൾക്ക് നാശനഷ്ടമുണ്ടായി. പ്രളയത്തിൽ 19 റേഷൻകടകളും 5 മാവേലി സ്റ്റോറുകളും നശിച്ചു.

Advertisement
Advertisement