മത്സ്യത്തൊഴിലാളികൾക്ക് തലചായ്ക്കാൻ ഇടമൊരുങ്ങുന്നു

Saturday 30 October 2021 1:09 AM IST
ക്യു.എസ്.എസ് കോളനിയിൽ നിർമ്മിച്ച പ്ലാറ്റ് സമുച്ചയം

ഫ്ളാറ്റുകൾ നിർമ്മിക്കുന്നത് ക്യു.എസ്.എസ് കോളനിയിൽ

കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിലെ മത്സ്യത്തൊഴിലാളികൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുന്നു. ഫിഷറീസ് വകുപ്പ് നിർമ്മിക്കുന്ന 114 ഫ്ളാറ്റുകൾ വൈകാതെ തൊഴിലാളികൾക്ക് സ്വന്തമാകും.

ഡിസംബർ പകുതിയോടെ ഇവ ഗുണഭോക്താക്കൾക്ക് കൈമാറാനാകുന്ന വിധത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. 11.40 കോടിയാണ് നിർമ്മാണ ചെലവ്. മൂന്നു നിലകളോടുകൂടിയ മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഒരുങ്ങുന്നത്. ഇതിനുപുറമേ, കോർപ്പറേഷൻ ഫണ്ട്‌ ഉപയോഗിച്ച് കോളനിയിൽ 65 കുടുംബങ്ങൾക്കു കൂടി ഫ്ളാറ്റ് നിർമ്മിച്ചു നൽകുന്നുണ്ട്. രണ്ടു നിലകളോടു കൂടിയ രണ്ടു സമുച്ചയങ്ങളാണ് നഗരസഭ നിർമ്മിക്കുന്നത്. 30 ഫ്ളാറ്റുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. 18 ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് കരാർ നൽകി. ബാക്കി വരുന്ന 17 ഫ്ളാറ്റുകളുടെ നിർമ്മാണനടപടികൾ പുരോഗമിക്കുന്നു. ഒരു ഫ്ളാറ്റിന്റെ നിർമ്മാണചെലവ് 10 ലക്ഷം രൂപയാണ്. 6.05 കോടി രൂപ കൊല്ലം കോർപ്പറേഷൻ തീരദേശ വികസന കോർപ്പറേഷന് കൈമാറി.

 179: കോളനിയിൽ നിർമ്മിക്കുന്ന ആകെ ഫ്ളാറ്റുകൾ

 ₹17.45: ആകെ നിർമ്മാണ ചെലവ്

റോഡ് നിർമ്മിക്കാൻ 10 ലക്ഷം

ചുറ്റുമതിൽ നിർമ്മിക്കാൻ 23 ലക്ഷം

കോളനിക്കുള്ളിൽ റോഡ് നിർമ്മിക്കാൻ 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. എം. മുകേഷ് എം.എൽ.എ യുടെ ശ്രമഫലമായി മന്ത്രി സജി ചെറിയാൻ ചുറ്റുമതിൽ നിർമ്മിക്കാൻ 23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡ്, ചുറ്റുമതിൽ നിർമ്മാണ ചുമതല ഹാർബർ എൻജിനീയറിംഗ് വകുപ്പിനാണ്. ഫിഷറിസ് വകുപ്പ് നിർമ്മിക്കുന്ന ഫ്ളാറ്റുകളിലേക്ക് വൈദ്യുതി എത്തിക്കാൻ 20 ലക്ഷം രൂപ കെ.എസ്.ഇ.ബിയിലും കുടിവെള്ള കണക്ഷന് 14 ലക്ഷം രൂപംവാട്ടർ അതോറിട്ടിയിലും അടച്ചിട്ടുണ്ട്.

കോർപ്പറേഷൻ നൽകുന്ന വീടുകളിൽ പകുതിയും കോർപ്പറേഷന്റെ ഭൂമിയിലാണ് നിർമ്മിക്കുന്നത്. ഈ സ്ഥലത്തുള്ള അങ്കണവാടി മറ്റൊരിടത്തേക്കു മാറ്റും

പ്രസന്ന ഏണസ്റ്റ്, മേയർ

Advertisement
Advertisement