ചെറിയാന്റെ മടങ്ങിപ്പോക്ക്: അവഗണിക്കാൻ സി.പി.എം

Saturday 30 October 2021 12:10 AM IST

തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ച ചെറിയാൻ ഫിലിപ്പിനെയും അദ്ദേഹം പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും നടത്തിയ പ്രതികരണങ്ങളെയും അവഗണിച്ചാൽ മതിയെന്ന നിഗമനത്തിൽ സി.പി.എം നേതൃത്വം. തിരഞ്ഞെടുപ്പ് തോൽവിക്കും നേതൃമാറ്റത്തിനുംശേഷം കോൺഗ്രസിനകത്തുണ്ടായ അസ്വാരസ്യങ്ങൾ മുതലെടുത്ത് ചില മുൻനിര നേതാക്കളെയടക്കം അവിടെ നിന്ന് പാർട്ടിയിലേക്ക് കൊണ്ടുവരാനായതിന്റെ രാഷ്ട്രീയനേട്ടം കുറയ്ക്കാൻ ചെറിയാന്റെ പോക്ക് ഇടയാക്കുമെന്ന് സി.പി.എം കരുതുന്നില്ല.

രണ്ടാഴ്ച മുമ്പ് പ്രളയദുരന്തമുണ്ടായപ്പോൾ സർക്കാരിനെയും ഇന്നലെ കോൺഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സി.പി.എമ്മിനെയും ചെറിയാൻ വിമർശിച്ചിരുന്നു. സി.പി.എമ്മിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോയവർ അനുഭവിച്ചുവരട്ടെയെന്നും എ.കെ.ജി സെന്ററിൽ നടന്ന പല രഹസ്യങ്ങളുമറിയാം എന്നും ചെറിയാൻ പ്രതികരിച്ചിരുന്നു. എന്നാൽ, ചെറിയാൻ ചെറിയാന്റെ വഴിക്ക് പോകട്ടെയെന്നാണ് സി.പി.എം നിലപാട്.

2001ൽ അദ്ദേഹം കോൺഗ്രസ് വിട്ടുവന്നപ്പോൾ വരവേറ്റത് പ്രത്യേക രാഷ്ട്രീയസാഹചര്യത്തിലായിരുന്നു. അതിന്റെ പേരിൽ അർഹിക്കുന്നതിലധികം പരിഗണന ചെറിയാന് നൽകിയിട്ടുണ്ട്. മൂന്നുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. രണ്ട് ഇടതുപക്ഷ സർക്കാരുകളിലായി കെ.ടി.ഡി.സി അദ്ധ്യക്ഷപദവിയും നവകേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയും നൽകി. 2016 മുതലിങ്ങോട്ടുള്ള പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ചെറിയാന്റെ സാന്നിദ്ധ്യം നാമമാത്രമായിരുന്നു. ഇത്തവണ തീരെ ഉണ്ടായിട്ടില്ല. രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവിലേക്ക് ചെറിയാന്റെ പേര് ഒരിക്കൽപോലും ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. മാദ്ധ്യമങ്ങളിൽ പക്ഷേ അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി വാർത്തകൾ വന്നു.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം കോർപ്പറേഷൻ, ബോർഡ് നിയമനങ്ങളിലേക്കുള്ള പേരുകൾ ചർച്ചയ്ക്കെടുത്തപ്പോഴും ചെറിയാന്റെ പേര് ഉയർന്നില്ല. കോടിയേരി ബാലകൃഷ്ണനുമായി ഒരിക്കൽ ചർച്ച നടത്തിയപ്പോൾ കെ.ടി.ഡി.സി അദ്ധ്യക്ഷൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ, ഖാദിബോർഡ് ഉപാദ്ധ്യക്ഷസ്ഥാനമാണ് സി.പി.എം സമ്മതിച്ചത്. അതിനോട് ചെറിയാന് താത്പര്യമില്ലായിരുന്നു.

മുഖ്യമന്ത്രി സമീപകാലത്തായി അവഗണിക്കുന്നുവെന്ന തോന്നലും ചെറിയാന് ഉണ്ടായിരുന്നതായി സൂചനയുണ്ട്. തുടർഭരണത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അറിയിക്കാത്തതിലും പരിഭവമുണ്ടായിരുന്നു. ചെറിയാൻ ചെറിയാന്റെ വഴിക്ക് പോകട്ടെയെന്ന് തീരുമാനിച്ചതിനാലാണ് കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ചെറിയാന്റെ വിമർശനങ്ങളെ കാര്യമായെടുക്കാതെയുള്ള പ്രതികരണം മുഖ്യമന്ത്രി നടത്തിയത്. സി.പി.എം നേതാക്കളുടെ ഇനിയങ്ങോട്ടുള്ള പ്രതികരണവും ഈ രീതിയിലാകും.

Advertisement
Advertisement