കാരാപ്പാടത്ത് വീണ്ടും പുലി ഇറങ്ങി രണ്ട് ആടുകളെ പിടിച്ചു

Saturday 30 October 2021 12:32 AM IST
ആടുകളെ ആക്രമിച്ച നിലയിൽ

മണ്ണാർക്കാട്: മൈലാംപാടം കാരാപാടത്ത് വീണ്ടും പുലി നാട്ടിൽ ഇറങ്ങി രണ്ട് ആടുകളെ കൊന്നു. കാരാപ്പടം കാരനാട്ടുകുഴിയിൽ ബീനാ ജോസിന്റെ ആടുകളെയാണ് പുലി പിടിച്ചത്. കമുക് കൊണ്ട് നിർമിച്ച ആട്ടിൻകൂട് തകർത്താണ് കൂട്ടിനുള്ളിൽ കയറി ആടുകളെ പിടിച്ചിരിക്കുന്നത്. കയറിൽ കെട്ടിയതിനാൽ കാട്ടിലേക്ക് കൊണ്ട് പോകാൻ കഴിയാത്തതിനാൽ കൂട്ടിൽ വച്ച് തന്നെ ആടുകളെ തിന്നിരിക്കുകയാണ്. ആടുകളിൽ ഒന്ന് ഗർഭിണിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ, വാർഡ് മെമ്പർ വിജയലക്ഷ്മി, യു.ഡി.എഫ് നേതാക്കളായ നൗഷാദ് വെള്ളപ്പാടം, മോഹനൻ മൈലമ്പാടം,കണ്ണൻ,അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.