മധുരമേറുന്നു കമ്മാടിയിലെ കാട്ടുതേനിന്

Saturday 30 October 2021 12:00 AM IST

കാസർകോട്: കർണ്ണാടകയോട് ചേർന്നു കിടക്കുന്ന കമ്മാടിയിലെ കുടിയ സമുദായ കോളനിയിലെ സഹോദരിമാർ ആഹ്ലാദത്തിലാണ്. കമ്മാടിയിലെ കാട്ടുതേനാണ് അവരുടെ ജീവിതവും മധുരതരമാക്കുന്നത്.

യാത്രാസൗകര്യം തീരെയില്ലാത്ത വല്ലപ്പോഴും വാഹനങ്ങൾ വന്നുപോകുന്ന കാടിനോട് ചേർന്ന പ്രദേശമാണ് കമ്മാടി. റബ്ബർ ടാപ്പിംഗിന് പോയും തോട്ടത്തിലും കാട്ടിനുള്ളിലും കൂലിപ്പണിയെടുത്തും 42 കുടിയ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ആഴ്ചയിൽ ഒരിക്കലെ കോളനിയിലെ വീട്ടുകാർ സാധനങ്ങൾ വാങ്ങാൻ ടൗണിൽ ഇറങ്ങുകയുള്ളൂ. പാണത്തൂർ വന്നുപോകാൻ ജീപ്പിന് 1500 രൂപ വാടക നൽകണം. പട്ടിക വർഗ സുസ്ഥിര മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ 'തേൻഗ്രാമം' തുടങ്ങിയതോടെയാണ് ഇവർക്ക് ജീവിതം മധുരിച്ചുതുടങ്ങിയത്.

പരമ്പരാഗതമായി വനത്തിൽ തേൻ ശേഖരിക്കുന്നവരാണ് കമ്മാടിയിലെ കുടിയ സമുദായം. ട്രൈബൽ പ്രോജക്ടുകളുടെ ചുമതല വഹിക്കുന്ന കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പ്രകാശൻ പാലായി എത്തിയതോടെയാണ് തുടക്കം. പത്തു വനിതകളെ ചേർത്ത് സ്നേഹ, ജ്വാല ഹണി യൂണിറ്റുകളുണ്ടാക്കി. ആധുനിക തേൻ ഉത്പാദനത്തിൽ പരിശീലനം ലഭിച്ചു. കോളിച്ചാലിലെ റോയ് മാത്യുവായിരുന്നു ഇതുസംബന്ധിച്ച പാഠങ്ങൾ പകർന്നത്. പ്രാരംഭ ചെലവിനായി കുടുംബശ്രീ 70,000 രൂപ നൽകിയതോടെ 20 തേൻപെട്ടികൾ കമ്മാടിയിൽ എത്തി. ഒരാൾക്ക് രണ്ട് തേൻപെട്ടി വീതമാണ് നൽകിയത്. സ്മോക്കർ, കത്തി, പഞ്ചസാര വെള്ളം തുടങ്ങിയ അനുബന്ധ ചെലവ് ഇതിന് പുറമെ വരും.

കാട്ടുതേൻ തന്നെ

ഒരടി പൊക്കത്തിലുള്ള സ്റ്റാൻഡിലാണ് കാട്ടിനരികെയുള്ള തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചത്. ആദ്യദിവസം പഞ്ചസാര വെള്ളം നൽകണം. പിന്നെ തേനീച്ചകൾ പൂമ്പൊടി ശേഖരിച്ചെത്തിക്കോളും. ഉറുമ്പു കയറാതിരിക്കാൻ ഇടയ്ക്കുള്ള നോട്ടവും നിർബന്ധം.

വനാതിർത്തിയും കാലാവസ്ഥ അനുകൂലവും ആയതിനാൽ കൃഷി മെച്ചമായി. ആദ്യഘട്ടത്തിൽ 35 കിലോ തേൻ കിട്ടി. കിലോയ്ക്ക് 250 മുതൽ 400 വരെ രൂപയ്ക്ക് തേൻ വിറ്റുപോയി. ഇത്തവണ പതിവില്ലാതെ കനത്തമഴ വന്നത് ചെറിയൊരു തിരിച്ചടിയായി. തേൻ തേടിയിറങ്ങാനാകില്ലെന്നതിനാൽ പഞ്ചസാരവെള്ളം നനച്ചുകൊടുത്താണ് ഈച്ചകളെ സംരക്ഷിച്ചതെന്ന് ഇവർ പറയുന്നു. മഴയെ ചെറുക്കാൻ ഓരോ പെട്ടിക്കും ഓടിന്റെ കൂടാരവുമുണ്ടാക്കി.

കാട്ടുതേൻ ഉത്‌പാദനത്തിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം. അടുത്ത സീസണിൽ മാർച്ച് മാസത്തോടെ ഉത്‌പാദനം 100 കിലോ ആയി വർദ്ധിപ്പിക്കും. 40 തേൻ പെട്ടികൾ കൂടി ഇറക്കാനുള്ള ശ്രമത്തിലാണ്- പുഷ്‌പാവതി, സ്നേഹ ഹണി യൂണിറ്റ് കൺവീനർ