കൊവിഡ് ഇളവുകളിലും ഉണരാതെ മാനാഞ്ചിറ

Saturday 30 October 2021 1:04 AM IST

കോഴിക്കോട്: കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഉണരാതെ മാനാഞ്ചിറ മൈതാനം. പടിപടിയായി നാടും നഗരവും ഉണർന്നപ്പോഴും ഒരു വർഷമായി മൈതാനവും അൻസാരി പാർക്കും നിശബ്ദമാണ്. ആളുകളെത്താത്തതിനെത്തുടർന്ന് മെെതാനത്തിന്റെ പല ഭാഗങ്ങളും കാടുപിടിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും സ്‌പോർട്സ് കൗൺസിലിന് കീഴിലുള്ള ഓപ്പൺ ജിം, ബാസ്‌ക്കറ്റ് ബോൾ കോർട്ടും തുറന്നു കൊടുക്കാറുണ്ട് എന്നതൊഴിച്ചാൽ ഇവിടെ മറ്റ് ആളും അനക്കവുമില്ല.

1.7 കോടി ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി 2020 ഒക്ടോബറിലാണ് മാനാഞ്ചിറ ഉദ്ഘാടനം ചെയ്തത്. ഡിസംബറിൽ മെെതാനം തുറന്നുകൊടുത്തെങ്കിലും രണ്ടാം തരംഗം വന്നതോടെ വീണ്ടും അടച്ചുപൂട്ടുകയായിരുന്നു. പുതിയ പ്രവേശനകവാടം, ഓപ്പൺ സ്റ്റേജ്, നടപ്പാതകൾ, വിളക്ക്, മഴ കൊള്ളാതിരിക്കാൻ റെയിൻ ഷെൽട്ടർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തെ കൂടി പരിഗണിച്ചുള്ള ടോയ്ലറ്റ്, സ്റ്റാൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടെങ്കിലുംഉപയോഗമില്ലാതെ നശിക്കുകയാണിപ്പോൾ.

നവീകരിച്ച ഭാഗങ്ങളിലെല്ലാം പുല്ലു മുളച്ചു. ചിറയിലെ വെള്ളത്തിലേക്കും പുല്ല് വളർന്ന് ചീഞ്ഞ് കിടക്കുകയാണ്. ജില്ലയിലെ മറ്റെല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും തുറക്കുന്ന സാഹചര്യത്തിൽ മൈതാനം തുറക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

 പകൽ സമയങ്ങളിൽ തുറക്കണം

വൈകീട്ട് 3 മുതൽ രാത്രി 8 വരെ എന്ന സമയം മാറ്റി പകൽ സമയം മുഴുവൻ മൈതാനം തുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തോടെയും സൗകര്യത്തോടെയും ഒന്നിച്ചിരിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള ഇടമാണ് മാനാഞ്ചിറ മൈതാനവും അൻസാരി പാർക്കും. സുരക്ഷാ ജീവനക്കാരും, നിരീക്ഷണ കാമറകളുള്ളതും സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പാക്കും.

Advertisement
Advertisement