സിനിമ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്: മന്ത്രി സജി ചെറിയാൻ

Saturday 30 October 2021 12:00 AM IST

തിരുവനന്തപുരം: സിനിമകൾ ഒ.ടി.ടി പ്ലാ​റ്റ്‌ഫോമുകളില്ല തിയേ​റ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്റി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ തിയേ​റ്ററിലാണ് പ്രദർശിപ്പിക്കേണ്ടത്.

മറ്റേതെങ്കിലും പ്ലാറ്റ്ഫോം വഴി സിനിമ പ്രദർശിപ്പിച്ചാൽ സിനിമാവ്യവസായം തകരും. സിനിമകൾ ഒ.ടി.ടി പ്ലാ​റ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒ.ടി.ടി പ്ലാ​റ്റ്‌ഫോമുകൾ സിനിമാ തിയേ​റ്ററുകൾക്ക് ബദലല്ലെന്നും മന്ത്റി പറഞ്ഞു. കൊവിഡിനെ തുടർന്ന് തിയേ​റ്ററുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ സിനിമകൾ മാത്രമല്ല മ​റ്റ് മേഖലകളിലെ കലാകാരന്മാർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഒ.ടി.ടി പ്ലാ​റ്റ്‌ഫോമിനെക്കുറിച്ച് ആലോചിച്ചത്. സർക്കാരിന്റെ ഒ.ടി.ടി പ്ലാ​റ്റ്‌ഫോം മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. തിയേ​റ്റർ ഉടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് നവംബർ രണ്ടിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്റിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ആരോഗ്യം, തദ്ദേശം, വൈദ്യുതി, ധനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പതിനഞ്ചോളം ആവശ്യങ്ങളാണ് തിയേ​റ്റർ ഉടമകൾ ഉന്നയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വകുപ്പ് മന്ത്റിമാരുടെയും സാംസ്‌കാരിക മന്ത്റിയുടെയും യോഗം മുഖ്യമന്ത്റി വിളിച്ചത്.