പാപ്പരായ കേന്ദ്രം സംസ്ഥാനങ്ങളെ വലച്ചു: മന്ത്രി ബാലഗോപാൽ

Saturday 30 October 2021 12:00 AM IST

തിരുവനന്തപുരം: സ്വയം പാപ്പരായ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളേയും പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ധന സംബന്ധമായ മൂന്ന് ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആസ്തി വിറ്റ് ആറു ലക്ഷം രൂപ സമാഹരിക്കാനുള്ള നാഷണൽ മോണിറ്റൈസേഷൻ പദ്ധതി കേന്ദ്രം പാപ്പരായെന്നാണ് കാണിക്കുന്നത്. കടം വാങ്ങിയാലും സംസ്ഥാനം ആസ്തികൾ വിൽക്കുന്നില്ല. ഇവിടെ പട്ടിണിയും പോഷകാഹാരക്കുറവുമില്ല. ക്ഷേമപരിപാടികൾക്ക് മുടക്കവുമില്ല.

ലോകത്ത് ദാരിദ്ര്യത്തിൽ 111-ാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്. സോമാലിയയ്ക്ക് 116ഉം. എന്നാൽ കേരളത്തിൽ പട്ടിണിയില്ല.

. യു.ഡി.എഫ്. ഭരിക്കുമ്പോൾ കേരളത്തിലെ കടം 76 ശതമാനമാണ് പെരുകിയത്. ഇടതുമുന്നണി ഭരണകാലത്ത് അത് 62ശതമാനത്തിൽ നിന്നു.ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിന് കൊവിഡും ലോക്ക് ഡൗണും തടസ്സമായി.ഇപ്പോൾ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. കടം വാങ്ങി വികസനത്തിന് പണം ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേന്ദ്ര മാർഗ്ഗനിർദ്ദേശമനുസരിച്ച് കേരളം പ്രതിവർഷം 12000 കോടി വികസനത്തിന് ഉപയോഗിക്കണം. കിഫ്ബി വഴിമാത്രം 17000 കോടി ഉപയോഗിച്ചു..ജി.എസ്.ടി.വന്നപ്പോഴുള്ള നഷ്ടപരിഹാരം കുറയ്ക്കാനുള്ള വഴികളാണ് കേന്ദ്രം നോക്കുന്നത്. പതിനാല് ശതമാനം നികുതിവളർച്ചയ്ക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് കേരളത്തിന് നൽകിപ്പോന്നത്. പിന്നീടത് 11.5 ശതമാനമാക്കി കുറച്ചു. ഇതും കേരളത്തിന് വരുമാന പ്രതിസന്ധിയുണ്ടാക്കി.സംസ്ഥാനത്തിന് കിട്ടേണ്ട നികുതി പൂർണ്ണമായി സമാഹരിക്കാൻ ശക്തമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു..