നിറ‌ചിരിയോടെ സ്വീകരിച്ച് ആന്റണി

Friday 29 October 2021 11:24 PM IST

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ എ.കെ. ആന്റണിയെ ഇന്നലെ രാവിലെ പതിനൊന്നിന് വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലെ വസതിയിലെത്തി കണ്ടശേഷമാണ് ചെറിയാൻ ഫിലിപ്പ് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൂടിക്കാഴ്ച എട്ടു മിനിട്ട് നീണ്ടു നിന്നു. ആന്റണിക്കൊപ്പം ഭാര്യ എലിസബത്തും മകൻ അജിത് ആന്റണിയും ഉണ്ടായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ആന്റണിയുടെയും ചെറിയാന്റെയും ചിരിയെ മാസ്ക് മറച്ചു. 'മാസ്ക്കൊന്ന് മാറ്റാമോ?' എന്ന പത്രഫോട്ടോഗ്രാഫർമാരുടെ അഭ്യർത്ഥനയിൽ കൊവിഡ് പ്രോട്ടോക്കോളല്ലേ എന്ന് ആന്റണിയുടെ മറുപടി. ഒരു സെക്കൻഡ് നേരം മതിയെന്ന് ഫോട്ടോഗ്രാഫർമാർ. തുടർന്ന് ഇരുവരും അൽപ്പനേരത്തേക്ക് മാസ്ക് മാറ്റി. 'ചർച്ചയിൽ മഞ്ഞുരുകിയോ?' എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ 17 വർഷം മുമ്പേ ഉരുകിയതാണെന്ന് ആന്റണി. കിട്ടേണ്ട പരിഗണന പാർട്ടിയിൽ കിട്ടിയില്ല എന്ന മാനസിക പ്രയാസം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോൾ വികാരപരമായി ചെറിയാൻ തീരുമാനമെടുത്തു. പാർട്ടി വിട്ടപ്പോൾ ചെറിയാനോട് പരിഭവം ഉണ്ടായിരുന്നു. ശരിക്കും ഷോക്ക് ആയിരുന്നു. മൂന്നു വർഷത്തോളം അദ്ദേഹത്തോട് സംസാരിച്ചില്ല. ചെറിയാന് അയാളുടേതായ നിലപാടുകളുണ്ടെന്ന് ചിന്തിച്ചപ്പോൾ പിന്നീട് വ്യക്തിബന്ധം സാധാരണ നിലയിലായി. ചെറിയാൻ വീട്ടിൽ വന്നു കാണുമായിരുന്നു'- ആന്റണി പറഞ്ഞു.