എസ്.എഫ്.ഐ പ്രവർത്തകർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചു

Saturday 30 October 2021 12:44 AM IST
കൊല്ലം - കണ്ണനല്ലൂർ റൂട്ടിൽ ബസുകൾ പണിമുടക്കിയതിനെ തുടർന്ന് തിരക്കൊഴിഞ്ഞ ആണ്ടാമുക്കം ബസ് സ്റ്റാൻഡ്

കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി

കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം - കണ്ണനല്ലൂർ റൂട്ടിൽ ഒാടുന്ന സ്വകാര്യ ബസുകൾ ഇന്നലെ പണിമുടക്കി. ഷംനാദ് ബസിന്റെ കണ്ടക്ടർ പെരുമ്പുഴ നല്ലില സ്വദേശി സുധീഷിനെയാണ് (32) മർദിച്ചത്. കർബല ജംഗ്ഷനിൽ വ്യാഴാഴ്ച വൈകിട്ട് 3.30 നായിരുന്നു സംഭവം. കണ്ണനല്ലൂർ ഭാഗത്തു നിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ബസ്, കർബല ജംഗ്ഷനിൽ നിറുത്തിയപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ പതാകയുമായി ബസിൽ കയറി കൺസെഷൻ നൽകാറുണ്ടോ എന്നു ചോദിച്ചു. നൽകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ പുറത്തു നിന്ന ഏതാനും വിദ്യാർത്ഥികൾ ബസിൽ കയറി മർദിക്കുകയായിരുന്നു എന്നാണ് പരാതി. എന്തിനാണ് മർദിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിച്ചതായും സധീഷ് പറയുന്നു. ഇന്നലെ വൈകിട്ട് ഈസ്റ്റ് പൊലീസ് ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിച്ചു. തങ്ങളോട് മോശമായി സംസാരിച്ചുവെന്ന പേരിൽ എസ്.എഫ്.ഐ വനിതാ പ്രവർത്തകർ നൽകിയ പരാതിയും പിൻവലിച്ചു.