പുനിതിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ മോഹൻലാൽ
തിരുവനന്തപുരം: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ വിയോഗം ഷോക്കാണെന്ന് മോഹൻലാൽ. ആദ്യം വിശ്വസിക്കാനായില്ല. ഒരുപാട് വർഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീതെന്നും മോഹൻലാൽ പറഞ്ഞു.
'ഒരുപാട് വർഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത വാർത്തയായതിനാൽ പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല - മോഹൻലാൽ പറഞ്ഞു.
മലയാളികൾക്ക് പുനീതിനെ കൂടുതൽ പരിചയം കന്നഡയിലെ താരചക്രവർത്തി രാജ് കുമാറിന്റെ മകൻ എന്ന നിലയിലാണ്. കേരളത്തിൽ കന്നഡ സിനിമകൾക്ക് വലിയ സ്വീകാര്യത ഇല്ലാത്തതാണ് അതിനു പ്രധാന കാരണം. പിന്നീട് പുനീത് കേരളത്തിൽ വാർത്തയായത് മോഹൻലാലുമായി ബന്ധപ്പെട്ടാണ്. മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം 'മൈത്രി'യിൽ പുനീതുമുണ്ടായിരുന്നു.
ബി.എം ഗിരിരാജ് സംവിധാനം ചെയ്ത 'മൈത്രി' 2015 ൽ ആണ് റിലീസായത്. പുനീത് രാജ് കുമാറായിത്തന്നെയാണ് പുനീത് ചിത്രത്തിൽ അതിഥി താരമായത്. ചിത്രം ചർച്ചയാകുകയും ചെയ്തു.രാജ് കുമാറിന്റെ കുടുംബവുമായി മോഹൻലാലിന് അടുത്ത സൗഹൃദമുണ്ട്.