അന്ന് പറയാതെ തുറന്നു, ഇപ്പോൾ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ

Saturday 30 October 2021 1:21 AM IST

കുമളി: കേരളത്തിന് ഒരു സൂചനയും നൽകാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് പെരിയാറിന്റെ തീരങ്ങളെ കഴിഞ്ഞ തവണ തമിഴ്നാട് വെള്ളത്തിൽ മുക്കി . എന്നാൽ, ഇന്നലെ ചരിത്രത്തിലാദ്യമായി 36 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡാം തുറക്കൽ.

മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് 15ന് പുലർച്ചെ 2.30നാണ് ജലനിരപ്പ് 142 അടി പിന്നിട്ടപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ അണക്കെട്ട് തുറന്നത്. അന്ന് 136 അടിയായപ്പോൾ തന്നെ മുന്നറിയിപ്പ് നൽകി ഷട്ടർ തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് ചെവിക്കൊള്ളാതെ പരമാവധി സംഭരണ ശേഷിയിലെത്തിച്ച് അർദ്ധരാത്രി 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ പെരിയാറിന്റെ തീരങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി.

ഈ അനുഭവം മുന്നിലുള്ളതിനാൽ ഇത്തവണ ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തുമെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാകണം, 29ന് രാവിലെ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് 27ന് വൈകിട്ട് കേരളത്തെ അറിയിച്ചത്. ഇതോടെ ഡാം തുറക്കുംമുമ്പ് മികച്ച ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടത്തിനായി.

ഇന്നലെ രാവിലെ 6.45ന് തമിഴ്നാട് സംഘം എത്തും മുമ്പ് മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനുമടക്കമുള്ള സംഘം ഡാമിലെത്തി. ആദ്യമായി കേരള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സ്പിൽവേ ഷട്ടർ തുറന്നു.

Advertisement
Advertisement