പച്ചയ്ക്കു പറഞ്ഞാൽ, പച്ചക്കറിയും പണിതന്നു!

Saturday 30 October 2021 12:00 AM IST

തമിഴ്നാട്ടിൽ വില കുറഞ്ഞിട്ടും കേരളത്തിൽ കൊള്ളവില

കൊല്ലം: പാചകവാതക വില വർദ്ധനവിനൊപ്പം പച്ചക്കറിവിലയും കത്തിനിൽക്കുന്നതിനാൽ അടുക്കള ബഡ്ജറ്റ് അവതാളത്തിൽ. അവിയലും സാമ്പാറും തോരനുമൊക്കെ അടുക്കളയിലെ നിറമുള്ള ഓർമ്മകളായി! ഊണിന് വില കൂട്ടാൻ നിർവാഹമില്ലാത്തതിനാൽ പല ഹോട്ടലുകളിലും തൊടുകറി പോലെയാണ് അവിയലും തോരനുമൊക്കെ വിളമ്പുന്നത്.

രണ്ടാഴ്ച മുൻപ് കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ മഴ കനത്തു നിന്നപ്പോഴാണ് പച്ചക്കറി വില കുത്തനെ ഉയർന്നത്. മഴ കാരണം തമിഴ്നാട്ടിലെ വമ്പൻ ചന്തകളിൽ പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഇള്ളത് പിടിച്ചുവാങ്ങാൻ ഇവിടേക്ക് പച്ചക്കറി എത്തിക്കുന്ന ഏജന്റുമാർ മത്സരിച്ച് ലേലം വിളിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. ഇതിനിടെ ഇന്ധന വിലവർദ്ധനവിന്റെ പേരിൽ ലോറി വാടകയും ഉയർത്തി. സാധാരണ നിലയിൽ പച്ചക്കറി വില ഉയർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പഴയ നിലവാരത്തിലാവുന്നതാണ്. എന്നാൽ ഇത്തവണ കാര്യമായി വില താഴ്ന്നില്ല.

25 രൂപയിൽ നിന്ന് കിലോയ്ക്ക് 80 വരെ ഉയർന്ന തക്കാളി തിരികെ 48 വരെയേ എത്തിയിട്ടുള്ളു. 28ൽ നിന്നു 46ലേക്ക് ഉയർന്ന വെണ്ട വില ഇറങ്ങിവന്ന് 36ൽ ഇടിച്ചുനിൽക്കുകയാണ്. 50ൽ നിന്നു 110 ലേക്ക് ഉയർന്ന ഒരു കിലോ കാപ്സിക്കത്തിന് ഇപ്പോൾ നൂറ് രൂപയാണ്. ചില ഇനങ്ങളുടെ വില കുത്തനെ താഴ്ന്നെങ്കിലും പല കച്ചവടക്കാരും ഇപ്പോഴും കൊള്ളവിലയ്ക്കാണ് വിൽക്കുന്നത്.

ഇനങ്ങൾ, ഇന്നലത്തെ വില, ഒരുമാസം മുൻപുള്ള വില (ഒരു കിലോയ്ക്ക്)

 തക്കാളി: 48 (25)

 വെണ്ടയ്ക്ക: 36 (28)

 ഉരുളൻ കിഴങ്ങ്: 32 (30)

 ബീറ്റ്റൂട്ട്: 28 (18)

 മുരിങ്ങക്ക: 45 (30)