'മെറ്റാ"വേഴ്‌സ് ലോകം തുറന്ന് ഫേസ്‌ബുക്ക്

Saturday 30 October 2021 3:35 AM IST

 ഫേസ്ബുക്കിന്റെ കോർപ്പറേറ്റ് നാമം ഇനി 'മെറ്റ'

കൊച്ചി: ഭാവിയിലേക്ക് വിരൽചൂണ്ടിയാണ് ഫേസ്‌ബുക്ക് കോർപ്പറേറ്റ് നാമം 'മെറ്റ" എന്ന് മാറ്റിയത്. മെറ്റ എന്നതിന് ഗ്രീക്ക് ഭാഷയിൽ 'അതിരുകൾക്കുമപ്പുറം" എന്നാണ് അർത്ഥം. പോർച്ചുഗീസിൽ 'ലക്ഷ്യം" എന്നും. കേവലം ഇന്റർനെറ്റിലോ ആപ്പുകളിലോ ഒതുങ്ങാതെ, ജനങ്ങൾക്ക് പലതരം ഡിവൈസുകളിലൂടെ (പ്രത്യേകിച്ച് വി.ആർ. ഹെഡ്‌സെറ്റ്) പരസ്പരം സംവദിക്കാവുന്ന, ഗെയിം ആസ്വദിക്കാവുന്ന, ജോലികൾ ചെയ്യാവുന്ന, സിനിമകളും മറ്റും കാണാവുന്ന, ഒരു 3ഡി വിർച്വൽ (സാങ്കല്‌പിക) ലോകം അഥവാ 'മെറ്റവേഴ്‌സ്" സൃഷ്‌ടിക്കുന്നതിന്റെ ആദ്യപടിയായാണ് പേരുമാറ്റമെന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.

വിർച്വൽ റിയാലിറ്റിയുടെ (വി.ആർ) നെക്‌സ്‌റ്റ് ജനറേഷൻ പതിപ്പിലൂന്നിയുള്ള 'ലോകമായിരിക്കും" മെറ്റവേഴ്‌സ്. മെറ്റ, യൂണിവേഴ്‌സ് എന്നതിന്റെ കൂട്ടെഴുത്താണിത്. മെറ്റ പ്ളാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ് എന്നതിന്റെ ചുരുക്കെഴുത്താണ് മെറ്റ. ഉപഭോക്തൃ ഡേറ്റാ ചോർച്ചയടക്കം ഒട്ടേറെ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഫേസ്ബുക്കിന്റെ പേരുമാറ്റം.

റിയാലിറ്റി ലാബും മെറ്റയും

2004ലാണ് ഫേസ്‌ബുക്കിന്റെ പിറവി. പിന്നീട് ഇൻസ്‌റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയെ ഏറ്റെടുത്തു. പുതുതായി രൂപീകരിച്ച 'റിയാലിറ്റി ലാബ്‌സിന്റെ" മേൽനോട്ടത്തിലായിരിക്കും മെറ്റയുടെയും ഉപ ബ്രാൻഡുകളുടെയും പ്രവർത്തനം.

 400 കോടിയോളം രൂപയാണ് മെറ്റവേഴ്‌സ് പദ്ധതിയിൽ ഫേസ്‌ബുക്ക് നിക്ഷേപിക്കുന്നത്

 മെറ്റവേഴ്‌സിലേക്കായി യൂറോപ്പിൽ നിന്ന് മാത്രം 10,000ലേറെ പേരെ നിയമിക്കും

വലിയ ലക്ഷ്യങ്ങൾ

ഫേസ്ബുക്കിന്റെ പുതിയ കോർപ്പറേറ്റ് നാമമാണ് 'മെറ്റ". സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ പേര് മാറുന്നില്ല. മെറ്റയെന്ന പുതിയ പേര് ഉപഭോക്താക്കളെയും ബാധിക്കില്ല.

 'മെറ്റവേഴ്‌സ്" എന്ന 'വിർച്വൽ റിയാലിറ്റി ലോകം" യാഥാർത്ഥ്യമാകാൻ കുറഞ്ഞത് 10 വർഷം വേണ്ടിവരും

 അടുത്ത ദശാബ്‌ദത്തിനകം ശതകോടിക്കണക്കിനുപേർ മെറ്റവേഴ്‌സിലെത്തും. ശതകോടികളുടെ വ്യാപാരങ്ങൾ നടക്കും. കോടിക്കണക്കിന് തൊഴിലുകൾ സൃഷ്‌ടിക്കപ്പെടും - സക്കർബർഗ് പറയുന്നു.

പേരുമാറ്റവും വെല്ലുവിളികളും

പേര് മാറുന്നതിനെ ലാഘവത്തോടെ കാണില്ലെന്ന് സക്കർബർഗ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2015ൽ ഗൂഗിളിന്റെ മാതൃകമ്പനി 'ആൽഫബെറ്റ്" എന്ന് പേര് സ്വീകരിച്ചെങ്കിലും ആ പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. മെറ്റയ്ക്ക് ഈ സ്ഥിതി വരരുതെന്ന ലക്ഷ്യമുണ്ട്.

 ഡിസംബർ ഒന്നുമുതൽ എം.വി.ആർ.എസ് എന്ന പേരിലായിരിക്കും ഓഹരി വ്യാപാരം.

 നിലവിൽ വ്യാപാരം 'എഫ്.ബി" എന്ന സ്‌റ്റോക്ക് ടിക്കറിലാണ്.

 ഇത് നിക്ഷേപകർക്കിടയിൽ 'ആശയക്കുഴപ്പം" സൃഷ്‌ടിക്കാമെന്ന ആശങ്ക ഫേസ്‌ബുക്കിനുമുണ്ട്.